ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Mail This Article
കൊച്ചി∙ സ്വകാര്യ സ്ഥാപനത്തിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചക്കേസിൽ നാലുപേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ (25), ഗിരീഷ് (23), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം ടൗണ്‍ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നും 75,000 രൂപ വിലവരുന്ന രണ്ടു പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച ശേഷം സ്വകാര്യ സ്ഥാപനത്തിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ശേഷം സൗത്ത് സ്റ്റേഷൻ പരിധിയിൽ രവിപുരത്ത് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്ന് രണ്ടു മൊബൈൽ ഫോണുകൾ കവർന്നു.
ഇതുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ, സൗത്ത് പൊലീസിന്റെ വാഹന പരിശോധനയിൽ ജസ്റ്റിൻ പിടിയിലായി. സംശയം തോന്നി പൊലീസ് കൈകാണിക്കുകയായിരുന്നു. മറ്റു മൂന്നുപേർ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കടന്നുകളഞ്ഞ പ്രതികൾ പനങ്ങാട് എത്തി അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് അതിൽ രക്ഷപ്പെട്ടു.
വാഹനത്തിന്റെ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്നു പേരും പത്തനംതിട്ടയിലെ പന്തളത്തുണ്ടെന്ന് കണ്ടെത്തി. പന്തളത്ത് എത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. വിവിധ ജില്ലകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.എസ്.രതീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ റിനു, ഷിബു, ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.