പൂണിത്തുറയിൽ പുതിയ കലുങ്ക്: രണ്ടാം ഘട്ടം തുടങ്ങി, ഗതാഗതക്കുരുക്കും
Mail This Article
പൂണിത്തുറ ∙ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ പൂണിത്തുറ ഗാന്ധിസ്ക്വയർ മിനി ബൈപാസ് ജംക്‌ഷനിൽ 2 വർഷമായി തകർന്നു കിടക്കുന്ന കലുങ്കിന്റെ പുനർ നിർമാണം രണ്ടാം ഘട്ടത്തിനായി റോഡ് കുഴിച്ചു. ആദ്യം സ്ഥാപിച്ച 7 മീറ്റർ കലുങ്കിന്റെ ഭാഗത്തുകൂടി വാഹനങ്ങൾ തിരിച്ചു വിട്ടു.
ഈ ഭാഗം സ്ഥാപിച്ചിട്ട് 3 മാസം ആയെങ്കിലും റോഡ് കുഴിക്കാൻ ഐഒസിയുടെ അനുമതി കിട്ടാൻ വൈകിയതാണ് രണ്ടാം ഘട്ടത്തിലേക്കു കടക്കാൻ നീണ്ടതിനു കാരണമെന്ന് അധികൃതർ പറഞ്ഞു. ഐഒസിയുടെ എണ്ണക്കുഴലുകൾക്ക് 1 മീറ്റർ മാറിയാണ് ഇപ്പോൾ കുഴിച്ചിട്ടുള്ളത്. 21 മീറ്റർ വീതിയുള്ള റോഡിൽ 3 ഘട്ടങ്ങളായാണ് നിർമാണം. എൻഎച്ച്എഐയുടെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്. ഇകെകെ ഇൻഫ്രസ്ട്രക്ചറൽ കമ്പനിക്കാണു കരാർ.
പരിഹാരം
തൃപ്പൂണിത്തുറ ഭാഗത്തു നിന്നു വൈറ്റിലയ്ക്കുള്ള വാഹനങ്ങൾ മിനി ബൈപാസിലേക്കു കടക്കാതെ തൃപ്പൂണിത്തുറയിലെ മറ്റു റോഡുകളിലൂടെ തിരിച്ചു വിട്ടാൽ ഗതാഗത തടസ്സം കുറയ്ക്കാനാകും. പേട്ട ഭാഗത്തേക്കുള്ള ഇരുചക്ര– മുച്ചക്ര വാഹനങ്ങൾ വിക്രം സാരാഭായ് റോഡ് – താമരശേരി റോഡ് വഴിയും തിരിച്ചു വിടാനാകും. ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടും വിധം ദിശാ ബോർഡുകളും സ്ഥാപിക്കണം.
ഗതാഗതക്കുരുക്ക് രൂക്ഷം
റോഡ് വെട്ടിപ്പൊളിച്ചത് വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ലെങ്കിലും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ട്രാഫിക് ഗാർഡുകൾക്കു നിയന്ത്രിക്കാൻ പറ്റുന്നതിന് അപ്പുറമാണ് പലപ്പോഴും കുരുക്ക്. മരട് ഭാഗത്തു നിന്ന് മിനി ബൈപാസിലേക്കും പേട്ടയ്ക്കുമുള്ള വാഹനങ്ങൾക്ക് ഗതാഗതം തിരിച്ചു വിട്ട കലുങ്കിന്റെ ഭാഗത്തു കൂടെ മാത്രമാണു വരാനാകുന്നത്.
മിനി ബൈപാസിലേക്കു തിരിയുന്ന വാഹനങ്ങളും മിനി ബൈപാസിൽ നിന്നു പേട്ടയ്ക്കു തിരിയുന്ന വാഹനങ്ങളുമാണ് കൂടുതലും ഗതാഗത തടസ്സം ഉണ്ടാക്കുന്നത്. മിനി ബൈപാസിൽ നിന്നു മരടിലേക്കു ഫ്രീ ലെഫ്റ്റ് എടുത്തു വരുന്ന വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാനുള്ള വീതിയേ പൊളിക്കാൻ ബാക്കിയുള്ള റോഡിന്റെ ഭാഗത്തുള്ളു. ഇതും പലപ്പോഴും പേട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുമായി ഉരസലിനു വഴിവയ്ക്കുന്നു.