ADVERTISEMENT

ഏലൂർ ∙ പെരിയാറും കൈവഴികളും കരകവിഞ്ഞതിനെത്തുടർന്നു വെള്ളക്കെട്ടിലായ കുറ്റിക്കാട്ടുകര ബോസ്കോ നഗർ, പവർ ലൂം നഗർ, ഇഎസ്ഐ, മഞ്ഞുമ്മൽ, എടമ്പാടം, പള്ളിപ്പുറം ചാൽ, ചിറാക്കുഴി, വലിയചാൽ, പാതാളം പ്രദേശങ്ങളിലെ വീടുകളിൽ നിന്നു     വെള്ളമിറങ്ങിത്തുടങ്ങി.  വെള്ളമിറങ്ങിയത് ആശ്വാസമായെങ്കിലും ആശങ്കമാറാതെയാണു ക്യാംപുകളിലുള്ളവർ വീടുകളിലേക്കു മടങ്ങുന്നത്. പാതാളം സ്കൂളിലെയും കുറ്റിക്കാട്ടുകര സ്കൂളിലെയും ദുരിതാശ്വാസ ക്യാംപുകൾ തുടരുകയാണ്.

135 വീടുകളിൽ വെള്ളം കയറിയിരുന്നു. ബോസ്കോ, പവർലൂം നഗറുകളിലും ചിറാക്കുഴിയിലും രണ്ടാഴ്ചക്കിടയിൽ രണ്ടാമത്തെ പ്രാവശ്യമാണ് വീടുകളിൽ വെള്ളം കയറുന്നത്. വീടുകളിൽ നിന്നു ചെളിയും മറ്റു മാലിന്യങ്ങളും നീക്കുന്ന ബുദ്ധിമുട്ടേറിയ ജോലികൾ നടത്തുന്നതും രണ്ടാം തവണ. 

മറ്റു പ്രദേശങ്ങളിൽ കഴിയുന്ന ബന്ധുക്കളുടെയും മറ്റും സഹായം ലഭ്യമാക്കിയാണു മിക്കവരും ശുചീകരണം നടത്തുന്നത്. വാർഡ് കൗൺസിലർമാർ എത്തിച്ചു നൽകി ബ്ലീച്ചിങ് പൗഡറും മറ്റും ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. മഴ ശക്തമായാൽ വീണ്ടും ക്യാംപുകളിലേക്കു മാറേണ്ടിവരുമോയെന്ന ആശങ്കയും വിട്ടൊഴിയുന്നില്ല.

വയനാട്ടിൽ നടന്ന ഉള്ളു നടുക്കുന്ന ദുരന്തവുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങളുടെ ദുരിതം എത്ര നിസ്സാരമെന്നു വീട്ടമ്മമാർ ആശ്വസിക്കുന്നു. പെരിയാറിന്റെ ഇടമുള ശാഖയുടെ തീരം കെട്ടി സംരക്ഷിക്കാൻ തയാറാക്കിയ പദ്ധതി നടപ്പിലാക്കിയാൽ നദിയിൽ നിന്നുള്ള വെള്ളത്തിന്റെ തള്ളിക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com