ADVERTISEMENT

അങ്കമാലി ∙ മാഞ്ഞാലി തോടിനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു. ചമ്പന്നൂർ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം വെള്ളം കയറി. പാറപ്പുറം സെന്റ് ആന്റണി എൽപി സ്കൂൾ റോഡ്, മണൽക്ക, പാറപ്പുറം ഐക്യാട്ടുകടവ് റോഡുകൾ മുട്ടോളം വെള്ളമായി. രാത്രി മഴ കനത്താൽ വീടുകളിലേക്കു വെള്ളം കയറിത്തുടങ്ങും. പീച്ചാനിക്കാട് തുരുത്ത് ഭാഗത്ത് വെള്ളം കയറി റോഡ് മുങ്ങി. നാൽപത്തഞ്ചോളം വീടുകൾ ഈ ഭാഗത്തുണ്ട്. റോഡ് മുങ്ങിയതിനാൽ വീട്ടുകാർക്കു പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

വാഹനങ്ങൾ മറ്റു വീടുകളിൽ നിർത്തിയിട്ട് വെള്ളം കയറിയ റോഡിലൂടെ നടന്നുപോകുകയാണ് നാട്ടുകാർ. റോഡിൽ വെളളം ഇനിയും പൊങ്ങിയാൽ വീടുകളിലേക്കു പോകാൻ വഞ്ചി ഇറക്കേണ്ടി വരുമെന്ന സ്ഥിതിയാണ്.അമല ഫെലോഷിപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പീച്ചാനിക്കാട് ഐക്ക്യാട്ടുകടവിലുള്ള അമല ഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ മുന്നിലുള്ള മുനിസിപ്പൽ റോഡിൽ വെള്ളം പൊങ്ങിയതിനാൽ ഗതാഗതതടസ്സമുണ്ട്.

നൂറിലേറെ വൃക്ക, കാൻസർ രോഗികൾ താമസിക്കുന്ന അമല ഭവനിൽ നിന്നു ഡയാലിസിസിനും കീമോ തെറപ്പി ഉൾപ്പെടെയുള്ള മറ്റു ചികിത്സകൾക്കുമായി നഗരത്തിലേക്കു രോഗികളെ കൊണ്ടുപോകാൻ കഴിയുന്നില്ല. അമല ഭവൻ അഡ്മിനിസ്ട്രേറ്റർ ആന്റു പെരുമായന്റെ നേതൃത്വത്തിൽ നിവേദനം നൽകിയതിനെ തുടർന്നു റോഡ് ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിലും നടപടികളായിട്ടില്ല.

വെള്ളമിറങ്ങിത്തുടങ്ങി; ആശ്വാസത്തോടെ ജനം
നെടുമ്പാശേരി ∙ ഇന്നലെ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ പലയിടത്തു നിന്നും വെള്ളമിറങ്ങിയത് ജനങ്ങൾക്ക് ആശ്വാസമായി. എങ്കിലും മുൻ കരുതലെന്ന നിലയിൽ ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുടർന്നു പ്രവർത്തിക്കുന്നുണ്ട്. കുന്നുകര, പാറക്കടവ് പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. പെരിങ്ങൽ‌ക്കുത്ത് ഡാമിലെ ഷട്ടറുകൾ അടച്ചതോടെ ചാലക്കുടി പുഴയിൽ ഇന്നലെ വെള്ളം കുറയാൻ തുടങ്ങിയിട്ടുണ്ട്.

പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം, ചെട്ടിക്കുളം പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയെങ്കിലും ഇന്നലെയോടെ വെള്ളം കുറഞ്ഞു. ക്യാംപുകളിൽ ഉണ്ടായിരുന്നവർ ഇന്നലെ വീടുകളിലേക്ക് മടങ്ങി. ഉച്ചയോടെ 12–ാം വാർഡിലെ ചില പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടത്തെ 10 കുടുംബങ്ങൾ ഇന്നലെ കുറുമശേരി ഗവ. യുപി സ്കൂളിലെ ക്യാംപിലെത്തിയിട്ടുണ്ട്.

കുന്നുകര പഞ്ചായത്തിലെ വയൽക്കര, അമ്മണത്തുപള്ളം, കാരയ്ക്കാത്തുരുത്ത്, ചെറിയ തേക്കാനം, ചാലാക്ക സെറ്റിൽമെന്റ് പുനരധിവാസ കേന്ദ്രം, കുത്തിയതോട് വേളാങ്കണ്ണി പുനരധിവാസ കേന്ദ്രം, പായ്ത്തുരുത്ത് എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. അൻപതോളം കുടുംബങ്ങളാണ് ക്യാംപുകളിൽ ഉണ്ടായിരുന്നത്. ഇന്നലെ പലയിടത്തും വെള്ളം കുറഞ്ഞതിനെ തുടർന്ന് പലരും വീടുകളിലേക്ക് മടങ്ങി. ‌മുൻകരുതലെന്ന നിലയിൽ ചില ക്യാംപുകൾ നിലനിർത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com