തെരുവുനായ ഭീഷണിയിൽ വളർത്തുമൃഗങ്ങൾ; രാവും പകലും കാവലിരിക്കേണ്ട ഗതികേടെന്നു കർഷകർ
Mail This Article
പിറവം∙നഗരസഭാ പരിധിയിൽ തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തുന്നതു തുടരുന്നതോടെ നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ ദിവസം കക്കാട്ടിൽ 4 ആടുകളെ നായ്ക്കൾ കടിച്ചു കൊന്നു. ആട്ടൂർപടി കണ്ടത്തിൽ അല്ലി കുര്യന്റെ ആടുകളെയാണു കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയും ഇവിടെ ഒരു ആടിനെ നായ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
പാഴൂരിലും കക്കാട്ടിലും സന്ധ്യ കഴിഞ്ഞാൽ നായ്ശല്യം രൂക്ഷമാണ്. മേയുന്നതിനായി കെട്ടിയിരിക്കുന്ന ആടുകളും കൂടുകൾ തകർത്തു വളർത്തു കോഴികളുമെല്ലാം ആക്രമണത്തിനിരയാകുന്നതോടെ രാവും പകലും കാവലിരിക്കേണ്ട ഗതികേടാണെന്നാണു കർഷകരുടെ പരാതി.
നിർധനരുടെ വരുമാനമാർഗമാണ് ആടുകൾ കൊല്ലപ്പെട്ടതിലൂടെ ഇല്ലാതാകുന്നത്. കാരമലക്കു സമീപം ഇറച്ചിക്കോഴി വളർത്തുന്ന ഫാമിൽ കയറിയ നായ്ക്കൂട്ടം നാശം സൃഷ്ടിച്ചു. തെരുവുനായ് നിയന്ത്രണത്തിനായി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. പിറവം ടൗണിലും അലഞ്ഞു തിരിയുന്ന നായ്ക്കൂട്ടത്തെ കാണാനാവും. ബസ് സ്റ്റോപ്പിലും മറ്റും സംഘം ചേർന്ന് എത്തുന്ന ഇവ യാത്രക്കാർക്കും ഭീഷണിയാണ്.