ജലംവലച്ച ജീവിതങ്ങൾ; ഒഴുകിയെത്തുന്നത് പാമ്പുകൾ, ജനം ഭീതിയിൽ

Mail This Article
കൂത്താട്ടുകുളം∙ ഒലിയപ്പുറം നടക്കാവ് ഹൈവേയിൽ വാളിയപ്പാടം കവലയ്ക്കും ചാക്കാപ്പടിക്കും ഇടയിൽ റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെയും നാട്ടുകാരെയും വലയ്ക്കുന്നു. പിഡബ്ല്യുഡി, ഓടയുടെ നിർമാണം ഈ ഭാഗത്ത് അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നിർമിച്ചിരിക്കുന്ന ഓടയ്ക്കാകട്ടെ ഒന്നര അടി താഴ്ച മാത്രമേയുള്ളു. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകി പോകാൻ സൗകര്യമില്ല.
സമീപത്തെ ഉപകനാൽ കവിഞ്ഞൊഴുകുന്നതും വാളിയപ്പാടം– വെട്ടിമൂട് റോഡിലെ വെള്ളവും ഇവിടേക്ക് എത്തുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകും. ഉപകനാലിലൂടെ ഒഴുകിയെത്തുന്ന മരത്തിന്റെ ശിഖരങ്ങളും മറ്റും റോഡിൽ അടിയുന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. ഓട നിർമാണം നിർത്തിയിരിക്കുന്ന ഭാഗത്ത് മാലിന്യം വന്നടിയുന്ന സ്ഥിതിയാണ്. ഇതുവഴി കാൽനട യാത്രയും അസാധ്യമാണ്. മഴ ശക്തമായതോടെ സമീപത്തെ വീടുകളിലും വെള്ളം കയറിത്തുടങ്ങി.
അണലി, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളാണ് വെള്ളത്തിലൂടെ ഒഴുകിയെത്തുന്നതെന്നും തങ്ങൾ ഭീതിയിലാണെന്നും നാട്ടുകാർ പറഞ്ഞു. പിഡബ്ല്യുഡി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് പറഞ്ഞു. നൂറ്റൻപത് മീറ്റർ കൂടി ഓട നിർമിച്ച് വെള്ളം വാളിയപ്പാടം തോട്ടിലേക്ക് ഒഴുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.