‘നവീകരണം കാത്തിരിപ്പൂ ബസ് കാത്തിരിപ്പ് കേന്ദ്രം’
Mail This Article
കളമശേരി ∙ എൻഎഡി റോഡിലെ തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രവും അപകടാവസ്ഥയിലുള്ള മരങ്ങളും നീക്കം ചെയ്യാൻ മന്ത്രി പി.രാജീവ് നേരിട്ടെത്തി നൽകിയ നിർദേശം രണ്ടാഴ്ച കഴിഞ്ഞിട്ടും നടപ്പിലായില്ല. മുനിസിപ്പൽ കൗൺസിലർമാർ, മുനിസിപ്പൽ സെക്രട്ടറി, മുനിസിപ്പൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണു തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം മന്ത്രി ജൂലൈ 20ന് സന്ദർശിച്ചത്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന നിലയിൽ ബസ് കാത്തിരിപ്പു കേന്ദ്രം ചെരിഞ്ഞു നിൽക്കുകയാണ്. സമീപത്തെ വൈദ്യുത പോസ്റ്റിൽ തങ്ങിയാണ് ഇരുമ്പ് പൈപ്പുകൾ കൊണ്ടു നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നിൽക്കുന്നത്. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ വൈദ്യുത പോസ്റ്റിന്റെ അടിഭാഗത്തെ മണ്ണും നഷ്ടമായ നിലയിൽ അപകടാവസ്ഥയിലാണ്.
ദുരന്ത നിവാരണ പദ്ധതിയിൽ പെടുത്തി ഉടൻ നടപടി വേണമെന്നു കൗൺസിലർമാരുടെ സാന്നിധ്യത്തിൽ മന്ത്രി കലക്ടറെ വിളിച്ചാണു നിർദേശം നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു മുനിസിപ്പൽ സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ വെയിലത്തും മഴയത്തും കയറി നിൽക്കുന്നതു അപകടം മണക്കുന്ന ഈ കാത്തിരിപ്പു കേന്ദ്രത്തിലാണ്.
പകരമൊരു ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു നൽകാൻ നഗരസഭയോ ബന്ധപ്പെട്ട അധികാരികളോ എൻഎഡിയോ തയാറായിട്ടില്ല. അപകടാവസ്ഥ ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പോളിടെക്നിക് കോളജ്, എൽബിഎസ്, വാട്ടർ അതോറിറ്റി ഓഫിസ് എന്നിവിടങ്ങളിലേക്കു പോകുന്ന കാൽനടയാത്രക്കാർക്കും ബസ് കാത്തിരിപ്പു കേന്ദ്രവും മരങ്ങളും ഭീഷണിയാണ്.