തുതിയൂർ പരപ്പച്ചിറ തോട്ടിൽ മത്സ്യങ്ങൾ ചത്തു പൊങ്ങി
Mail This Article
കാക്കനാട്∙ തുതിയൂർ പരപ്പച്ചിറ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് ആശങ്ക പരത്തി. ഇന്നലെ രാവിലെയാണ് തോട്ടിലെ വെള്ളത്തിൽ ചത്ത മത്സ്യങ്ങൾ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. 11 മണിയോടെ ഇവയുടെ എണ്ണം കൂടി. പുഴയിലും തോട്ടിലും വളരുന്ന ചെറുകിട മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (സെസ്) വളപ്പിലെ കമ്പനികളിൽ നിന്നുള്ള മലിനജലമാണ് മത്സ്യക്കുരുതിക്ക് കാരണമെന്ന് നാട്ടുകാർ സംശയിക്കുന്നു.
സെസ് വളപ്പിൽ നിന്നുള്ള വെള്ളം പരപ്പച്ചിറ തോടിലൂടെയാണ് ചിത്രപ്പുഴയിലേക്ക് ഒഴുകുന്നത്. പലപ്പോഴും തോടിലെ വെള്ളത്തിന് കറുത്തനിറം കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി പരപ്പച്ചിറ തോട്ടിലെ വെള്ളം ഉപയോഗിക്കാനാകാത്ത നിലയിലാണ്. സെസ് വളപ്പിന്റെ ചുറ്റുമതിലിനരികിൽ നിന്നാണ് പരപ്പച്ചിറ തോട് ആരംഭിക്കുന്നത്. ചിത്രപ്പുഴ വരെ രണ്ടര കിലോമീറ്ററോളം ദൈർഘ്യമുണ്ട്.
മത്സ്യങ്ങൾ ചത്തതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ സമീപ തോടുകളിലും ചിത്രപ്പുഴയിലും മത്സ്യങ്ങൾക്ക് ഭീഷണിയാകും. സെസിലെ ജല സംസ്കരണ പ്ലാന്റ് കാര്യക്ഷമമല്ലാത്തതിനാലാണ് മലിനജലം പുറത്തേക്കൊഴുകുന്നതെന്നാണ് നാട്ടുകാരുടെ സംശയം. തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപിള്ള സ്ഥലത്തെത്തിയിരുന്നു. ഇന്ന് സെസ് വികസന കമ്മിഷണർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്ന് അധ്യക്ഷ പറഞ്ഞു.