കരാറുകാരനും പഞ്ചായത്തും തമ്മിൽ ശീതസമരം; കുമ്പളം കൂരിരുട്ടിൽ
Mail This Article
കുമ്പളം ∙ കരാറുകാരനും പഞ്ചായത്തുമായുള്ള ശീതസമരത്തെ തുടർന്ന് കൊച്ചി ബൈപാസിൽ കുമ്പളം പഞ്ചായത്ത് പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാതായിട്ട് ഒരു വർഷമായി. ഏറെ തിരക്കുള്ള കുമ്പളം സൗത്ത് ജംക്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റും തകരാറിലായതോടെ കൂരിരുട്ടാണ്. ജംക്‌ഷനിലെ കടകളിലെ വെളിച്ചമാണ് ഇപ്പോൾ ആശ്രയം. കടകൾ പൂട്ടുന്നതോടെ അതും ഇല്ലാതാകും. അരൂരിൽ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് കുമ്പളത്തേക്കും എത്താറുണ്ട്. ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുമ്പോൾ റോഡിൽ വെളിച്ചം ഇല്ലാത്തത് ഏറെ ഭയപ്പെടുത്തുന്നതായി ഇരുചക്ര വാഹന യാത്രികരായ സ്ത്രീകൾ പറയുന്നു.
അരൂർ പാലമിറങ്ങി ജംക്‌ഷൻ അറിയാതെ ചീറിപ്പാഞ്ഞാണു വാഹനങ്ങൾ വൈറ്റില ഭാഗത്തേക്കു പോകുന്നത്.രാത്രിയാത്ര ഏറെ ശ്രമകരമായിരിക്കുകയാണ്. അപകടങ്ങൾ ഏറി. കാൽനടക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. വണ്ടിക്കു മുന്നിൽ പെടാതെ ഏറെ പ്രയാസപ്പെട്ടാണിവിടെ കാൽനടക്കാർ രാത്രി റോഡ് മുറിച്ചു കടക്കുന്നത്. മങ്ങിയ സീബ്രാ ലൈനും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കുമ്പളം പഞ്ചായത്താണ് പരിപാലനവും വൈദ്യുതി തുക അടയ്ക്കുന്നതും. പരാതികൾ നൽകിയിട്ടും നടപടിയില്ല.