മീഡിയ കവല മുതൽ മംഗലത്തുതാഴം വരെ പലഭാഗത്തും ടാറിങ് ഇളകി; കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നു
Mail This Article
കൂത്താട്ടുകുളം ∙ പാലാ റോഡിൽ മീഡിയ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും യാത്രക്കാരും ചെളിയിൽ കുളിക്കുന്ന സ്ഥിതിയാണ്. കവലയിൽ വിവിധയിടങ്ങളിൽ റോഡിലെ ടാറിങ് പൊളിഞ്ഞ് രൂപപ്പെട്ട കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നു. ഈ കുഴികളിൽ വാഹനങ്ങൾ വീഴുമ്പോൾ സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളിലും ഇതുവഴി പോകുന്ന യാത്രക്കാരുടെ ദേഹത്തും ചെളി വെള്ളം തെറിക്കുന്ന സ്ഥിതിയാണ്.
നേരെയുള്ള റോഡിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ അപ്രതീക്ഷിതമായി കുഴി ശ്രദ്ധയിൽ പെടുകയും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും വെട്ടിക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. മീഡിയ കവല മുതൽ മംഗലത്തുതാഴം വരെ റോഡിന്റെ പലഭാഗത്തും ടാറിങ് തെന്നി നീങ്ങുകയും കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മാരുതി കവലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചും കാർ തലകീഴായി മറിഞ്ഞും അപകടം ഉണ്ടായി.
കഴിഞ്ഞ വർഷം ഏപ്രിലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് 9–ാം ദിവസം വിവിധയിടങ്ങളിൽ ഇടിഞ്ഞു താഴ്ന്നത് വിവാദമായിരുന്നു. തുടർന്ന് റോഡിന്റെ പലഭാഗത്തും മീറ്ററുകളോളം ടാറിങ് പൊളിച്ചു നീക്കി പുതുതായി ബിഎംബിസി ടാറിങ് ചെയ്തത് ഉൾപ്പെടെ 6 തവണയാണ് അറ്റകുറ്റപ്പണി നടത്തിയത്. വാർഡ് കൗൺസിലർ ബോബൻ വർഗീസ് പരാതി നൽകിയതിനെ തുടർന്ന് റോഡ് നിർമാണത്തിലെ അപാകത സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി 7 മാസം മുൻപ് സർക്കാരിന് റിപ്പോർട്ട് നൽകിയെന്നാണ് വിവരം. എന്നാൽ തുടർനടപടി സ്വീകരിക്കാതെ ഈ റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം. 1.25 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.