രാമമംഗലത്ത് വീണ്ടും ഗ്രാമീണ ടൂറിസം പദ്ധതി സജീവമാകുന്നു
Mail This Article
പിറവം∙ പ്രകൃതി ഭംഗിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി രാമമംഗലത്തു വീണ്ടും ഗ്രാമീണ ടൂറിസം പദ്ധതി സജീവമാകുന്നു. ക്ഷേത്രങ്ങളും ,പാടങ്ങളും, കൃഷികളും , മൺപാത്ര നിർമാണവും ,കലാസാംസ്കാരിക കേന്ദ്രങ്ങളും ചേരുന്ന ഒട്ടേറെ സാധ്യതകളാണ് ഇവിടെ ഉള്ളത്. ആവേ സ്റ്റെല്ലാ മാരീസ് കോളജിലെ സംരംഭകത്വ സെല്ലിന്റെ നേതൃത്വത്തിലാണ് ഇവ ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിനുള്ള നീക്കം മുന്നേറുന്നത്. കൊച്ചി,കുമരകം എന്നിവിടങ്ങളിൽ നിന്നു മൂന്നാറിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കുമുള്ള യാത്രയ്ക്കിടെ ഇടത്താവളമായി രാമമംഗലം മാറ്റിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു സംഘാടകർ.
സുസ്ഥിര ഗ്രാമീണ ടൂറിസം വികസനം എന്ന ആശയമാണു ലക്ഷ്യമെന്നു കോളജ് ഡയറക്ടർ അരുൺ പോൾ കുന്നിൽ പറഞ്ഞു. പ്രകൃതിയോടു ചേർന്ന് മാലിന്യമുക്തമായ നിലയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുക, വിനോദ സഞ്ചാരികൾക്കുള്ള സേവനങ്ങൾ ഗ്രാമത്തിൽ ഉള്ളവർ തന്നെ നൽകുക, ഇതിലൂടെ ഗ്രാമ സമ്പദ് വ്യവസ്ഥയ്ക്കു ഉൗർജം പകരുക എന്നതാണു പദ്ധതി.
ഉൗരമന പെരുംതൃക്കോവിൽ ക്ഷേത്രം , ഷഡ്കാലഗോവിന്ദ മാരാർ സ്മാരകം, പെരുംതൃക്കോവിൽ ക്ഷേത്രം, ഉള്ളേലിക്കുന്ന് പാടശേഖരം, മാമലശേരി രാമ ക്ഷേത്രം,കിഴുമുറി മൺപാത്ര നിർമാണം, മാമലശേരിയിലും പരിസരത്തും സജീവമായുള്ള പച്ചക്കറി കൃഷിയിടങ്ങൾ തുടങ്ങിയവയാണു ഗ്രാമീണ ടൂറിസം പാക്കേജിൽ ഉൾപ്പെടുക. കുടുക്ക വീണ ഉൾപ്പെടെ രാമമംഗലത്തിന്റെ പൈതൃകമായ വാദ്യോപകരണങ്ങളും പരിചയപ്പെടുത്തും.പദ്ധതിക്കു മുന്നോടിയായി സംസ്ഥാനത്തെ 23 ടൂർ കമ്പനി പ്രതിനിധികൾ ഇവിടം സന്ദർശിച്ചു. വിദേശ സഞ്ചാരികൾക്കു ഒരുക്കുന്ന പാക്കേജിൽ രാമമംഗലം ഉൾപ്പെടുത്തുമെന്ന് സംഘം ഉറപ്പു നൽകി. സമീപ പ്രദേശത്തുള്ള അരീക്കൽ വെള്ളച്ചാട്ടം, കൊച്ചരീക്കൽ, ശൂലം തുടങ്ങിയ കേന്ദ്രങ്ങളും ഉൾപ്പെടുത്തുന്നതിനു ലക്ഷ്യം ഉണ്ട്.