ഗതാഗതക്കുരുക്ക്: ഇടച്ചിറയിൽ നാളെ മുതൽ പരിഷ്കാരം; ജനങ്ങളുടെ സഹകരണം തേടി പൊലീസ്
Mail This Article
കാക്കനാട്∙ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇടച്ചിറ, ഇൻഫോപാർക്ക് പ്രദേശത്ത് നാളെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു. ജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഇൻഫോപാർക്ക് ഭാഗത്തുനിന്നു ഇടച്ചിറ ജംക്‌ഷനിലേക്ക് എത്തുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് തെങ്ങോട് വായനശാല റോഡിലേക്ക് പ്രവേശിച്ച് 80 മീറ്റർ മുന്നോട്ട് പോയി വലതു ഭാഗത്തെ കാവുങ്ങമൂല റോഡിലേക്കു തിരിഞ്ഞ് മാർത്തോമാ സ്കൂൾ - വല്യാത്ത്- പള്ളിക്കര മോറക്കാല ഭാഗത്തേക്കും മറ്റും പോകണം.
ഇൻഫോപാർക്ക് ഭാഗത്തു നിന്ന് ഇടച്ചിറ ജംക്‌ഷനിലെത്തി തലക്കോട്ട്മൂല, ഇന്ത്യൻ പബ്ലിക് സ്കൂൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് വായന ശാല റോഡ്- കാവുങ്ങമൂല റോഡ് -മാഞ്ചേരിക്കുഴി റോഡ് വഴി ഫ്രീ ലെഫ്റ്റ് തിരിഞ്ഞു പോകണം. മാർത്തോമ സ്കൂൾ- വല്യാത്ത്-പള്ളിക്കര മോറക്കാല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു മാഞ്ചേരിക്കുഴി റോഡിലൂടെ ഇടച്ചിറ ജംക്‌ഷനിലെത്തി യാത്ര തുടരാം.
പൂക്കാട്ടുപടി- കങ്ങരപ്പടി- തെങ്ങോട് വായനശാല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇടച്ചിറ ജംക്‌ഷനിൽ എത്തുന്നതിനു മുൻപേ ഇടത്തോട്ടു തിരിഞ്ഞ് കാവുങ്ങമൂല റോഡ്- മാഞ്ചേരിക്കുഴി റോഡിലൂടെ സഞ്ചരിച്ച് ഇടച്ചിറ ജംക്‌ഷനിലെത്തി യാത്ര തുടരാം. ബസുകൾ പുതിയ സ്റ്റോപ് ക്രമീകരിച്ചിരിക്കുന്നത് പാലിക്കണം. റോഡുകളിൽ യാത്രക്കാർക്ക് തടസ്സമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.