ADVERTISEMENT

പെരുമ്പാവൂർ ∙ വേനൽക്കാലത്തും മഴക്കാലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ വലഞ്ഞിരുന്ന കൂവപ്പടി ഏമ്പക്കോടു പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമായി. ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഏമ്പക്കോട് ശുദ്ധജല പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.

പെരിയാറിനോടു ചേർന്നുള്ള കപ്രിക്കാട് അഭയാരണ്യത്തിനും കോടനാട് പനങ്കുരുത്തോട്ടം അമ്പലത്തിനും കാഞ്ഞിരമുക്കിനും ഇടയിലുള്ള നൂറോളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പുഴയോടു ചേർന്നുള്ള സ്ഥലമായിരുന്നിട്ടും ജലനിരപ്പ് താഴ്ന്നതോടെ ഈ ഭാഗത്തെ കിണറുകളിൽ 70 അടിയോളം താഴ്ത്തിയാൽപ്പോലും വെള്ളം ലഭിക്കുന്നില്ല. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.

കൂവപ്പടി പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശമായതിനാൽ മിക്കവാറും ദിവസങ്ങളിൽ ഈ പ്രദേശത്തെ പൈപ്പുകളിൽ വെള്ളം എത്താറില്ല. പണം കൊടുത്ത് ടാങ്കറുകളിൽ കുടിവെള്ളം വാങ്ങുകയാണു ചെയ്തിരുന്നത്. പ്രദേശവാസികൾ പ്രശ്നം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണു ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചത്.

വർഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഏമ്പക്കോട് ചിറയുടെ സമീപത്ത് കിണർ ഉണ്ടാക്കി കുടിവെളള പദ്ധതിക്ക് വെള്ളം ലഭ്യമാക്കാനാണ് തീരുമാനിച്ചിരുന്നത്. ഇത് പ്രായോഗികമല്ലാത്തതിനാൽ വാർഡ് അംഗം സിനി എൽദോയുടെ കുടുംബം കിണറിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു.

10000 ലീറ്റർ ശേഷിയുള്ള ടാങ്ക് ആണ് ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത് .കൂടുതൽ ഗുണഭോക്താക്കൾ കുടിവെളള പദ്ധതിയുടെ ഭാഗമാകുന്ന സമയത്ത് 10000 ലീറ്ററിന്റെ ടാങ്ക് കൂടി സ്ഥാപിക്കും. ഇതിനാവശ്യമായ തുക ജില്ലാ പഞ്ചായത്ത് വകയിരുത്തും.പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, മുൻ പ്രസിഡന്റ് സിന്ധു അരവിന്ദ്, വാർഡ് അംഗം സിനി എൽദോ, എൽദോ പാത്തിക്കൽ, വിജയൻ മുണ്ടിയാത്ത്, സി.കെ. ഷൺമുഖൻ, സി.സി.വിശ്വംഭരൻ, ജോർജ് കുളങ്ങാട്ടിൽ, പി.കെ.പൗലോസ്, ടി. പി.എൽദോ, ബേസിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com