മത്സരയോട്ടം: സ്വകാര്യ ബസിൽനിന്ന് യാത്രക്കാരൻ തെറിച്ചുവീണു
Mail This Article
മൂവാറ്റുപുഴ∙ കെഎസ്ആർടിസി ബസുമായി മത്സര ഓട്ടത്തിനിടെ അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസിൽ നിന്നു യാത്രക്കാരൻ റോഡിലേക്കു തെറിച്ചു വീണു. പിന്നാലെ കെഎസ്ആർടിസി ബസ് വരുന്നതു കണ്ട് റോഡിൽ നിന്ന് ഓടി എഴുന്നേറ്റു മാറിയതിനാൽ ദുരന്തം ഒഴിവായി. മുടവൂർ പാറയിൽ രാജീവിന്റെ മകൻ അർജുൻ ( 23 ) ആണു റോഡിലേക്കു തെറിച്ചു വീണത്. അർജുനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ വാഴപ്പിള്ളി ബ്ലോക്ക് ജംക്‌ഷനിലായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയായ അർജുൻ ക്ലാസ് കഴിഞ്ഞ് പാലാരിവട്ടത്തു നിന്നാണ് ദീർഘദൂര സർവീസ് നടത്തുന്ന എൽഎംഎസ് ബസിൽ കയറിയത്. പട്ടിമറ്റം മുതൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസുമായി മത്സരം ഓട്ടത്തിലായിരുന്നു.
അർജുൻ ബ്ലോക്ക് ജംക്‌ഷനിൽ ഇറങ്ങണമെന്നു പറഞ്ഞതോടെ ചെക്കർ ഡോർ തുറന്നു. എന്നാൽ ബസ് നിർത്താതെ അമിതവേഗത്തിൽ ജംക്‌ഷനിലെ വളവു വീശി എടുത്ത് മുന്നോട്ടു പാഞ്ഞു. ഇതോടെ അർജുൻ പിടിവിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് നിർത്താതെ പോകുകയും ചെയ്തു.സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് അംഗം വിജി പ്രഭാകരന്റെ നേതൃത്വത്തിലാണു അർജുനെ ആശുപത്രിയിലേക്കു മാറ്റിയത്. കൈകളിലും കാലിലും മുറിവുകളുണ്ട്.
മൂവാറ്റുപുഴ– കാക്കനാട് റോഡിൽ കെഎസ്ആർടിസി ബസുകളുമായി ദീർഘദൂര സ്വകാര്യ ബസുകൾ പതിവായി മത്സര ഓട്ടം നടത്തുന്നതും അപകടങ്ങളും പതിവാണ്. വലിയ അപകടം ഉണ്ടാകുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ പേരിനെങ്കിലും നടപടികൾ ഉണ്ടാകാറുള്ളത്. റൂട്ടിൽ ബസുകളിൽ സഞ്ചരിക്കുന്നവർ ജീവഭയത്തോടെയാണു യാത്ര ചെയ്യുന്നത്.