തിരുവാങ്കുളം-ചോറ്റാനിക്കര-മുളന്തുരുത്തി റോഡ് പൊട്ടിപ്പൊളിഞ്ഞു
Mail This Article
മുളന്തുരുത്തി ∙ യാത്രക്കാരുടെ നടുവൊടിക്കും കുഴികളുമായി പൊട്ടിപ്പൊളിഞ്ഞ് തിരുവാങ്കുളം-ചോറ്റാനിക്കര-മുളന്തുരുത്തി റോഡ്.ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണ് മാസങ്ങളായി തകർന്നു കിടക്കുന്നത്. റോഡിൽ പലയിടത്തും ടാറിങ് പാളികളായി പൊളിഞ്ഞു വലുതും ചെറുതുമായ ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. തിരുവാങ്കുളം മുതൽ മുളന്തുരുത്തി വരെയുള്ള 6 കിലോമീറ്റർ ദൂരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ ടാറിങ് പൊളിഞ്ഞിട്ടുണ്ട്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്.
രാത്രി യാത്രികരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. നാട്ടുകാർ കുഴികളിൽ കല്ലും മണ്ണും ഇട്ട് മൂടുന്നതാണു യാത്രക്കാർക്ക് ഏക ആശ്വാസം. എരുവേലി, ചോറ്റാനിക്കര, കോട്ടയത്തുപാറ തുടങ്ങിയ പ്രധാന ജംക‍്ഷനുകളിൽ അടക്കം റോഡ് തകർന്നു കിടക്കുകയാണ്. ശബരിമല പാക്കേജിൽ പെടുത്തി ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡാണു തകർന്നുകൊണ്ടിരിക്കുന്നത്. കോട്ടയം ഭാഗത്തു നിന്നു നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്നവരും തീർഥാടകരും അടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന പ്രധാന റോഡായിട്ടും അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് തയാറാകുന്നില്ലെന്നാണ് പരാതി. റോഡ് പൂർണമായും തകരുന്നതിനു മുൻപ് അറ്റകുറ്റപ്പണിയെങ്കിലും നടത്തി യാത്രക്കാർക്കു സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.