മഴ മാറി: പെരിയാറിൽ ജലനിരപ്പ് താഴ്ന്നു; പതിവുകളിലേക്ക് മടങ്ങി മണപ്പുറം
Mail This Article
ആലുവ∙ മഴ നിലയ്ക്കുകയും പെരിയാറിൽ ജലനിരപ്പു താഴുകയും ചെയ്തതോടെ ആലുവ ശിവരാത്രി മണപ്പുറം സാധാരണ നിലയിലേക്കു തിരിച്ചെത്തുന്നു. കർക്കടക വാവുബലി തർപ്പണത്തിന്റെ തിരക്കൊഴിഞ്ഞ കൽപ്പടവുകളിൽ സമീപവാസികൾ അലക്കും കുളിയും തുടങ്ങി. പുൽത്തകിടികളിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിച്ചിടുന്ന പതിവു കാഴ്ച വീണ്ടുമെത്തി.
ആൽത്തറകളിൽ മണിക്കൂറുകളോളം കുശലം പറഞ്ഞിരിക്കുന്നവരുടെ എണ്ണം കൂടി. അതിരാവിലെ മണപ്പുറത്തു വന്നു മുങ്ങിക്കുളിയും ക്ഷേത്ര ദർശനവും മറ്റും ഒട്ടേറെ ആലുവക്കാരുടെ ദിനചര്യയുടെ ഭാഗമാണ്. മഴ കനത്ത ശേഷം അതു നടന്നിട്ടില്ല. വാവുബലിയുമായി ബന്ധപ്പെട്ട സുരക്ഷയുടെ ഭാഗമായി മണപ്പുറത്തും പുഴയോരത്തും പ്രവേശനം പൊലീസ് നിരോധിച്ചിരുന്നു.
2019നു ശേഷം പെരിയാറിൽ ജലനിരപ്പ് ഏറ്റവുമധികം ഉയർന്നതും വെള്ളത്തിൽ ചെളി കൂടിയതും കഴിഞ്ഞ ആഴ്ചയിലാണ്. മഹാദേവ ക്ഷേത്രത്തിൽ 2 തവണ ആറാട്ട് നടന്നു. ക്ഷേത്രത്തിനു ചുറ്റും അടിഞ്ഞു കൂടിയ ചെളിയും മാലിന്യവും നീക്കുന്ന ജോലി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
ആദ്യ വെള്ളപ്പൊക്കം കഴിഞ്ഞു ചെളി നീക്കിയതിന്റെ പിറ്റേ ദിവസം വീണ്ടും വെള്ളം കയറിയതു ബോർഡിനു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി. താൽക്കാലിക ബലിത്തറകളും മറ്റും ഒഴുകിപ്പോയതു മണപ്പുറത്തു സ്ഥിരമായി എത്തുന്ന പുരോഹിതരെയും ബാധിച്ചു. ഇത്തവണ 2 ദിവസങ്ങളിലായാണ് ബലിതർപ്പണം നടന്നത്.