ഡിവൈഎഫ്ഐ തട്ടുകടയ്ക്കെതിരെ പ്രതിഷേധവുമായി കൗൺസിലർ
Mail This Article
കൊച്ചി ∙ വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ധന സമാഹരണത്തിന് എറണാകുളം സൗത്തിൽ ഡിവൈഎഫ്ഐ ആരംഭിച്ച ജനകീയ തട്ടുകടയ്ക്കെതിരെ പ്രതിഷേധവുമായി ഡിവിഷൻ കൗൺസിലർ പത്മജ എസ്.മേനോൻ. ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണു തട്ടുകട പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തന്നെ പിന്തുണച്ച വഴിയാത്രക്കാരനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നും പത്മജ ആരോപിച്ചു. എന്നാൽ തങ്ങൾ ആരെയും മർദിച്ചിട്ടില്ലെന്നു ഡിവൈഎഫ്ഐ ഭാരവാഹികൾ പ്രതികരിച്ചു.
ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണു കഴിഞ്ഞ ദിവസം എറണാകുളം സൗത്തിൽ താൽക്കാലിക ജനകീയ തട്ടുകട ആരംഭിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ആരംഭിച്ച ജനകീയ തട്ടുകടയിൽ നിന്ന് ആദ്യ ദിവസം 24,000 രൂപ ഫണ്ടിലേക്കു ലഭിച്ചിരുന്നു. തട്ടുകടയിൽ നിന്നു ഭക്ഷണം കഴിക്കുന്നവർ സംഭാവനയായി നൽകുന്ന തുക വയനാട്ടിലെ ദുരിതബാധിതർക്കു വീടുവച്ചു നൽകാനുള്ള ഡിവൈഎഫ്ഐ ഫണ്ടിലേക്കാണു നൽകുന്നതെന്നു ബ്ലോക്ക് സെക്രട്ടറി അമൽ സോഹൻ പറഞ്ഞു.
ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതിയെ തകർക്കാനാണു ബിജെപി കൗൺസിലർ ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. അതേസമയം, കോർപറേഷൻ വഴിയോര ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിനു വ്യക്തമായ മാനദണ്ഡമുണ്ടെന്നു കൗൺസിലർ പത്മജ എസ്. മേനോൻ പറഞ്ഞു. സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയോരത്തു സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വച്ചാണു പാചകം നടത്തുന്നത്. ലൈസൻസില്ലാതെ തട്ടുകട പ്രവർത്തിപ്പിക്കാൻ അനുവദിക്കാനാകില്ലെന്നും കൗൺസിലർ പറഞ്ഞു.