കുസാറ്റ് റോഡിൽ വഴിനീളെ ചോർച്ച; വെള്ളം പാഴായിട്ടും പരിഹാരം കാണാതെ ജല അതോറിറ്റി
Mail This Article
കളമശേരി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല റോഡിൽ ജല അതോറിറ്റി പൈപ്പിൽ ചോർച്ചകളുടെ എണ്ണം വർധിക്കുകയാണ് പ്രധാന റോഡിൽ നാലിടത്താണ് ചോർച്ച. മൂന്നിടത്ത് ഒരു വർഷക്കാലമായി ൈപപ്പ് ചോർന്ന് വെള്ളം പാഴാകുകയാണ്. മന്ത്രി പി.രാജീവിന്റെ എംഎൽഎ ഓഫിസിനു സമീപത്തു ചോർച്ച പ്രത്യക്ഷപ്പെട്ടതു കഴിഞ്ഞ ദിവസവും. ഇത്രയും ചോർച്ചകളിലൂടെ വൻതോതിൽ വെള്ളം പാഴായിട്ടും ജല അതോറിറ്റി പരിഹാരം കാണാൻ തയാറായിട്ടില്ല. റോഡു തകരുന്നതു കണ്ടിട്ടു കുസാറ്റ് എൻജിനീയറിങ് വിഭാഗത്തിനും കുലുക്കമില്ല.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലേക്കു തിരിയുന്ന ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗം കുഴിയായി മാറി. ഈ കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്. റോഡിന്റെ തുടരെത്തുടരെയുള്ള തകർച്ച ഒഴിവാക്കാൻ റോഡിന്റെ മധ്യത്തിൽ നിന്നു ശുദ്ധജല പൈപ്പ് വശങ്ങളിലേക്കു മാറ്റി സ്ഥാപിക്കണമെന്നു വർഷങ്ങളായി ജല അതോറിറ്റി കുസാറ്റിനോട് ആവശ്യപ്പെടുന്നതാണ്. ലക്ഷങ്ങളുടെ ചെലവു വേണ്ടിവരുന്ന പദ്ധതിയായതിനാൽ കുസാറ്റ് ഈ ആവശ്യം പരിഗണിക്കുന്നുമില്ല.