‘വെള്ളംമുട്ടിച്ച ചോർച്ച’; എട്ടാം ദിവസം ചോർച്ച കണ്ടെത്തി
Mail This Article
ഏലൂർ ∙ നഗരസഭയിലെ ഭൂരിപക്ഷം പ്രദേശത്തെയും 7 ദിവസം ശുദ്ധജലമില്ലാതെ നരകിപ്പിച്ച പൈപ്പിലെ ചോർച്ച എട്ടാം ദിവസം ജല അതോറിറ്റി കണ്ടെത്തി, 7 ദിവസത്തെ തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാത്രിയാണ് ഫാക്ട‌് പെട്രോകെമിക്കൽ ഡിവിഷനു സമീപം കലുങ്കിനടിയിലെ ചോർച്ച കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ജല അതോറിറ്റിയുടെ അസിസ്റ്റന്റ് എൻജിനീയറും ഓവർസീയറും കരാറുകാരനും നടത്തിയ സംയുക്ത പരിശോധനയിൽ പെട്രോകെമിക്കൽ ഡിവിഷനു സമീപത്തെ കലുങ്കിനരികെ ക്ലോറിൻ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ചോർച്ച കാണാനായത്.
പൊട്ടിയ പൈപ്പിലൂടെ ചോർന്ന വെള്ളം കാനയിലൂടെ പെട്രോകെമിക്കൽ ഡിവിഷന് അകത്തെ കാനയിലൂടെ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. 250 എംഎം എസി പൈപ്പാണ് പൊട്ടിയത്. ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും എല്ലായിടത്തും എത്തിയില്ല. മന്ത്രി പി.രാജീവ് ഇടപെട്ടു ഫാക്ട് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ഫാക്ടിൽ നിന്നു ശുദ്ധജലം കൊടുക്കാൻ നടപടിയെടുത്തതോടെയാണു പരിഹാരമായത്. പൈപ്പിലെ അറ്റകുറ്റപ്പണികൾ രാത്രി വൈകിയും തുടരുകയാണ്.