അങ്കമാലി പഴയ നഗരസഭാ കെട്ടിടപരിസരം മാലിന്യക്കൂമ്പാരം
Mail This Article
അങ്കമാലി ∙ പഴയ നഗരസഭാ കെട്ടിടത്തിനു പിന്നിൽ പ്ലാസ്റ്റിക് മാലിന്യക്കൂന. നായയും പൂച്ചയുമെല്ലാം പുറത്തേക്കു വലിച്ചിടുന്ന മാലിന്യത്തിൽ നിന്നു ദുർഗന്ധം വമിക്കുന്നു. മാലിന്യം അലക്ഷ്യമായി കിടക്കുന്ന ഭാഗത്ത് ആളുകൾ മലമൂത്രവിസർജനം നടത്തുന്നതും പതിവായി. കുപ്പിയിലും ചിരട്ടയിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകൾ പെരുകുന്നുണ്ട്. മഴ പെയ്യുമ്പോൾ മാലിന്യം തൊട്ടടുത്തുള്ള ഹോട്ടലിലേക്കും മറ്റും ഒലിച്ചെത്തുന്നു.
കൊതുകു നിവാരണത്തിനെതിരെയും പകർച്ചവ്യാധികൾക്കെതിരെയും നഗരസഭയും താലൂക്ക് ആശുപത്രിയും ചേർന്ന് ഒരു വശത്ത് ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും പഴയ നഗരസഭ ഓഫിസിനു പിന്നിലെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ല. നഗരസഭയുടെ ഹരിത കർമസേന വഴി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ, ചെരിപ്പ്, ഇ വേസ്റ്റ് ഉൾപ്പെടെയുള്ളവ പല വാർഡുകളിലും റോഡ് അരികുകളിലും മതിലിന്റെ മുകളിലേക്ക് കയറ്റി വച്ചു നിലയിലും ഇരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ ഏറെയായി.
പല ഇടങ്ങളിലും ഈ മാലിന്യം നായ്ക്കൾ വലിച്ചു കീറിയിട്ടുണ്ട്. ആക്രി പെറുക്കാൻ വരുന്നവർ ആവശ്യമുള്ളവ എടുത്ത് ബാക്കി വലിച്ചുവാരി ഇട്ടിരിക്കുന്ന അവസ്ഥയിലാണ് മിക്ക ഇടങ്ങളിലും. മാലിന്യം പക്ഷികൾ കൊത്തി ജലാശയങ്ങളിൽലും ഇടുന്നുണ്ട്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മാലിന്യസംസ്കരണ ആവശ്യം ഉന്നയിച്ചിട്ടും അധികൃതർ ഗൗനിച്ചില്ലെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ.ഏലിയാസ്, സെക്രട്ടറി പി.എൻ.ജോഷി എന്നിവർ പറഞ്ഞു.