ഉയരപ്പാത നിർമാണം: ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നു
Mail This Article
അരൂർ∙ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള കച്ചവട സ്ഥാപനങ്ങൾ ഓരോന്നായി അടച്ചു പൂട്ടുന്നു. സ്ഥാപനങ്ങളുടെ മുന്നിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയും , റോഡ് മുറിച്ചുകടന്ന് ജനങ്ങൾക്ക് കടകളിലേക്കു കയറാനും കഴിയാത്ത സാഹചര്യമായതോടെയാണു കച്ചവട സ്ഥാപനങ്ങൾ ഓരോന്നായി അടച്ചു പൂട്ടുന്നത്. തുറവൂർ മുതൽ അരൂർ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 250ലേറെ കച്ചവട സ്ഥാപനങ്ങളാണു പൂട്ടിയത്. ഇതോടെ സ്ഥാപന ഉടമകളും കടകളിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളും ദുരിതത്തിലായി.
ചില കടകൾ സ്ഥലം ഉൾപ്പെടെ വിൽപന നടത്തി. എന്നാൽ ഇത് വാങ്ങിയവർക്കും കട തുറന്ന് കച്ചവടം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ‌്. ഹോട്ടലുകൾ, ചായക്കടകൾ, തുണിക്കടകൾ എന്നിവയാണ് അടച്ചു പൂട്ടിയവയിൽ ഏറെയും. ഇതു കൂടാതെ നിലവിൽ പ്രവർത്തിക്കുന്ന കടകളുടെ മുൻഭാഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പല കച്ചവടക്കാർക്കും നോട്ടിസ് നൽകി കഴിഞ്ഞു.
ഉയരപ്പാതയുടെ മേൽത്തട്ടിലെ കോൺക്രീറ്റ് പൂർത്തിയാക്കണമെങ്കിൽ ഒട്ടേറെ കടകളുടെ മുൻഭാഗം പൊളിച്ചു നീക്കണം. ഇതും കച്ചവടക്കാർക്കു ഇരുട്ടടിയായി. കടകളുടെ മുൻഭാഗം പൊളിച്ച് വീണ്ടും പൂർവ സ്ഥിതിയിലാക്കാൻ ആഴ്ചകളോളം കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരും. വ്യാപാര സ്ഥാപനങ്ങൾ പലതും അടഞ്ഞതോടെ വ്യാപാര സംഘടനകളിലെ ആളെണ്ണവും കുറഞ്ഞു. കടകളുടെ മുന്നിൽ ചെളിവെള്ളവും നിർമാണ സാമഗ്രികളുടെ അവശിഷ്ടങ്ങളും മറ്റും കിടക്കുന്നതുമൂലം ചില കടകളുടെ ഷട്ടറുകൾ പോലും തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പല ഭാഗത്തു നിന്നും വഴിയോരക്കച്ചവടക്കാരും ഒഴിഞ്ഞു പോകേണ്ടി വന്നു. ഉയരപ്പാത നിർമാണം പൂർത്തിയാകുമ്പോൾ സുഗമമായ യാത്രാ സംവിധാനമാകുമെങ്കിലും നൂറുകണക്കിനു കുടുംബങ്ങളാണു പട്ടിണിയിലാകുന്നത്.പാതയോരത്തെ ഒട്ടേറെ വീടുകളിൽ നിന്നും സ്വന്തം വാഹനങ്ങൾ പുറത്തേക്കു ഇറക്കാൻ പോലും കഴിയാത്ത സ്ഥിതി വിശേഷം ഇപ്പോഴും നിലനിൽക്കുകയാണ്.