കളമശേരി എച്ച്എംടി ജംക്‌ഷനിലെ ഗതാഗത ക്രമീകരണം ഇന്നു മുതൽ
Mail This Article
കളമശേരി ∙ എച്ച്എംടി ജംക്‌ഷനിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനു മന്ത്രിമാരുടെ നിർദേശപ്രകാരം നടപ്പിലാക്കുന്ന ഗതാഗത പരിഷ്കാരങ്ങൾ ഇന്നു നിലവിൽ വരും. ഇന്നു മുതൽ കാക്കനാട് മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും എച്ച്എംടി ജംക്‌ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് യാത്ര തുടരണം. എൻഎഡി ഭാഗത്തുനിന്ന് എച്ച്എംടി ജംക്‌ഷനിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിയണം. ആലുവ ഭാഗത്തുനിന്നു ഹൈവേയിലൂടെ വരുന്ന എല്ലാ വാഹനങ്ങളും ആര്യാസ് ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു പഴയ ഹൈവേയിലൂടെ എച്ച്എംടി ജംക്‌ഷൻ വഴി യാത്ര തുടരണം. ആലുവ, കാക്കനാട് ഭാഗങ്ങളിൽ നിന്ന് എച്ച്എംടി ജംക്‌ഷൻ വഴി ടിവിഎസ് ജംക്‌ഷനിലേക്ക് എത്തിച്ചേരുന്ന വാഹനങ്ങളിൽ എറണാകുളം ഭാഗത്തേക്കു പോകേണ്ടവർക്ക് ഇടത്തോട്ടും ആലുവ ഭാഗത്തേക്ക് പോകേണ്ടവർക്ക് വലത്തോട്ടും തിരിഞ്ഞ് യാത്ര തുടരാം.
എച്ച്എംടി ജംക്‌ഷനിൽ നിന്നു ടിവിഎസ് ജംക്‌ഷനിൽ എത്തി വലത്തേക്കു തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ഹൈവേയുടെ കിഴക്കേ ട്രാക്കിലൂടെ തന്നെ മുൻപോട്ടു പോയി ആര്യാസ് ജംക്‌ഷനിൽ നിന്നു ഹൈവേയുടെ പടിഞ്ഞാറെ ട്രാക്കിലേക്ക് മാറി യാത്ര തുടരണം. സൗത്ത് കളമശേരി, എറണാകുളം ഭാഗത്തുനിന്നു കാക്കനാട്, എൻഎഡി , മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടിവിഎസ് ജംക്‌ഷനിൽ നിന്നു ഹൈവേയിലൂടെ ആലുവ ദിശയിൽ 200 മീറ്റർ മുന്നോട്ട് സഞ്ചരിച്ച് റെയിൽവേ ഓവർബ്രിജിനു മുൻപായി നൽകിയിട്ടുള്ള മീഡിയൻ ഓപ്പണിങ് ഉപയോഗപ്പെടുത്തി ഹൈവേയുടെ കിഴക്കേ ട്രാക്കിലൂടെ സഞ്ചരിച്ച് ആര്യാസ് ജംക്‌ഷനിൽ എത്തി വലത്തേക്കു തിരിഞ്ഞ് പഴയ റെയിൽവേ ഓവർബ്രിജിലൂടെ എച്ച്എംടി ജംക്‌ഷനിൽ എത്തി യാത്ര തുടരാം.
ആലുവ ഭാഗത്തുനിന്നു ആര്യാസ് ജംക്‌ഷനിൽ എത്തി തിരികെ ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട ചെറിയ വാഹനങ്ങൾക്ക് യു ടേൺ എടുക്കാനുള്ള സൗകര്യം ആര്യാസ് ജംക്‌ഷനിൽ ഉണ്ടായിരിക്കുന്നതാണ്.ആലുവ ഭാഗത്തുനിന്ന് ആര്യാസ് ജംക്‌ഷനിൽ എത്തി തിരികെ ആലുവ ഭാഗത്തേക്ക് പോകേണ്ട വലിയ ഭാരവാഹനങ്ങൾ എച്ച്എംടി ജംക്‌ഷനിലൂടെ മുന്നോട്ട് സഞ്ചരിച്ച് ടിവിഎസ് ജംക്‌ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് തിരികെ ആലുവ ഭാഗത്തേക്ക് പോകണം.എറണാകുളം ഭാഗത്ത് നിന്നു ടിവിഎസ് ജംക്‌ഷനിൽ എത്തി തിരികെ എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾക്ക് ടിവിഎസ് ജംക്‌ഷനിൽ യുടേൺ എടുക്കാം.
എറണാകുളം ഭാഗത്തു നിന്നു ആലുവ ഭാഗത്തേക്കു പോകുന്ന സ്വകാര്യബസുകൾ സൗത്ത് കളമശേരി വഴി ടിവിഎസ് ജംക്‌ഷനിൽ എത്തി ഇടത്തേക്കു തിരിഞ്ഞ് ആലുവ ദിശയിൽ ഹൈവേയിലൂടെ 200 മീറ്റർ മുന്നോട്ട് സഞ്ചരിച്ച് റെയിൽവേ ഓവർബ്രിജിനു മുൻപായി നൽകിയിരിക്കുന്ന മീഡിയൻ ഓപ്പണിങ്ങിലൂടെ ഹൈവേയുടെ കിഴക്കേ ട്രാക്കിലൂടെ സഞ്ചരിച്ച് ആര്യാസ് ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞ് എച്ച്എംടി ജംക്‌ഷനിൽ നിന്ന് ആളുകളെ കയറ്റി ഇറക്കിയ ശേഷം മുന്നോട്ട് സഞ്ചരിച്ച് ടിവിഎസ് ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞ് ഹൈവേയുടെ കിഴക്കേ ഭാഗത്തുകൂടി സഞ്ചരിച്ച് ആര്യാസ് ജംക്‌ഷനിൽ നിന്നു ഹൈവേയുടെ പടിഞ്ഞാറ് ട്രാക്കിലേക്ക് മാറി യാത്ര തുടരാം.