എച്ച്എംടി ജംക്ഷനിലെ ഗതാഗത പരിഷ്കാരം; നാട്ടുകാർക്ക് ആശയക്കുഴപ്പം
Mail This Article
കളമശേരി ∙ മന്ത്രിമാരുടെ നിർദേശപ്രകാരം 2 മുതൽ എച്ച്എംടി ജംക്‌ഷനിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തിൽ നാട്ടുകാർ ആശയക്കുഴപ്പത്തിൽ. ഇരുചക്രവാഹന യാത്രക്കാരും വഴിയാത്രക്കാരും പുതിയ പരിഷ്കാരത്തിൽ വലയുന്ന അവസ്ഥയിലാണ്. എച്ച്എംടി ജംക്‌ഷനിൽ പൊലീസിന്റെ പിഴയിൽ പെടാതെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലം ഓട്ടോറിക്ഷ സ്റ്റാൻഡിനു നീക്കിവച്ചതോടെ അനധികൃത പാർക്കിങ് മേഖലയായിരിക്കുകയാണിവിടം. എതിർവശത്തു പൊതുമരാമത്ത് ലക്ഷങ്ങൾ ചെലവിട്ടു റോഡ് നിരപ്പിൽ നിന്ന് ഒരടിയോളം ഉയർത്തി കാനയ്ക്കു മുകളിൽ സ്ലാബുകൾ നിരത്തിയതുമൂലം വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുള്ള പാർക്കിങ് ഏരിയ ഉപയോഗിക്കാൻ കഴിയാതായി.
കച്ചവട സ്ഥാപനങ്ങളിലെ വ്യാപാരത്തെ ഇതു പ്രതികൂലമായി ബാധിച്ചു. ഈ ഭാഗത്തു പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് എന്നും പൊലീസുകാർ പിഴയിടുന്നതു മൂലം ഉപയോക്താക്കൾ മറ്റിടങ്ങളിലേക്കു പോവുകയാണ്. അനധികൃത കയ്യേറ്റങ്ങൾ ഒഴിവാക്കി നടപ്പാത നിർമിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.എച്ച്എംടി മേൽപാലത്തിൽ ഇരുവശവും നടപ്പാത നിറയെ കേബിൾ കമ്പനികൾ കയ്യേറിയിരിക്കുകയാണ്. വിദ്യാർഥികളടക്കം റോഡിലുടെയാണു നടക്കേണ്ടത്. ഇടുങ്ങിയ പാലത്തിൽ ഇത് അപകട ഭീഷണി ഉയർത്തുന്നു. എച്ച്എംടി ജംക്‌ഷൻ മുതൽ ടിവിഎസ് കവലയ്ക്കു സമീപം വരെയുള്ള റോഡിന്റെ വീതി കുറവും വഴിയാത്രക്കാരെയാണു ബുദ്ധിമുട്ടിക്കുന്നത്.
5 വരിയായി ജംക്‌ഷനിലേക്കെത്തുന്ന വാഹനങ്ങൾ രണ്ടുവരിയിലേക്കു ചുരുങ്ങുമ്പോൾ ഉണ്ടാകുന്ന ഞെരുക്കം വഴിയാത്രക്കാരെ അപകടത്തിലാക്കാനിടയുണ്ട്.ആയിരക്കണക്കിനു വിദ്യാർഥികൾ അടക്കം വഴിയാത്രക്കാർക്ക് റോഡു കുറുകെ കടക്കുന്നതിനു ഫുട് ഓവർബ്രിജ് നിർമിക്കുന്നതിനും കഴിഞ്ഞിട്ടില്ല.2 സിഗ്നലുകൾ ഒഴിവാക്കുമ്പോൾ 5 ഇടത്തുണ്ടാകുന്ന വരി മാറ്റം ഗതാഗതക്കുരുക്കിനിടയാക്കുമെന്ന ആശങ്കയും നാട്ടുകാർ പങ്കിടുന്നു. കൂടാതെ എറണാകുളത്തേക്കും ആലുവയിലേക്കുമുള്ള ബസുകൾ ഒരേ ദിശയിൽ വരികയും ഒരേ ബസ് സ്റ്റോപ്പിൽ കൂട്ടത്തോടെ ബസുകൾ നിർത്തുന്നതും ഗതാഗതക്കുരുക്കിനിടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.