പറവൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും ജലക്ഷാമം: പ്രതിഷേധം ശക്തമാകുന്നു
Mail This Article
പറവൂർ ∙ നഗരത്തിലും സമീപപ്രദേശങ്ങളിലും രൂക്ഷമായി തുടരുന്ന ജലക്ഷാമം പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തുടർച്ചയായി 5 ദിവസം കഴിഞ്ഞിട്ടും നഗരസഭ പ്രദേശത്ത് ആവശ്യത്തിനു വെള്ളം ലഭ്യമാക്കാൻ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ശുദ്ധജലമില്ലാതെ ജനങ്ങൾ നട്ടംതിരിയുകയാണ്. ജല അതോറിറ്റി ഓഫിസിലേക്ക് സമരവുമായി എത്താനുള്ള തയാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികളും റസിഡന്റ്സ് അസോസിയേഷനുകളും. അടിയന്തരമായി ശുദ്ധജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നു 10ന് ജല അതോറിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തും. ജലക്ഷാമം പരിഹരിക്കുന്നതിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നഗരസഭാധികൃതരും ഇടപെടുന്നില്ലെന്നാണ് സിപിഎമ്മിന്റെ ആരോപണം. റസിഡന്റ്സ് അസോസിയേഷനുകളും ജല അതോറിറ്റിക്കെതിരെ സമരത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ (പാട്രാക്) മുനിസിപ്പൽ കമ്മിറ്റി യോഗം ചേർന്നു ജല അതോറിറ്റി ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചെന്നു മുനിസിപ്പൽ പ്രസിഡന്റ് എം.എൻ.ജി.നായർ പറഞ്ഞു.
ഇന്നലെ നടന്ന നഗരസഭ കൗൺസിലിലും ജലക്ഷാമം ചർച്ചയായി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കവും ഉണ്ടായി. കഴിഞ്ഞ ദിവസം ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ നഗര സഭാധ്യക്ഷയുടെ നേതൃത്വത്തിൽ ഭരണ - പ്രതിപക്ഷ കൗൺസിലർമാർ സമരം നടത്തിയിരുന്നു. ജലവിതരണ പൈപ്പിലെ പ്രശ്നം അടിയന്തരമായി ജല അതോറിറ്റി പരിഹരിക്കുമെന്നും അതുവരെ നഗരത്തിലെ വാർഡുകളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുമെന്നും നഗരസഭാധികൃതർ പറഞ്ഞെങ്കിലും പല വാർഡുകളിലും വെള്ളം എത്തിച്ചില്ലെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ ആരോപണം. തങ്ങളുടെ ചോദ്യങ്ങൾക്കു നഗരസഭാധ്യക്ഷ കൃത്യമായ മറുപടി പറഞ്ഞില്ലെന്ന് ആരോപിച്ചു പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭ കവാടത്തിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി.
എന്നാൽ, പ്രതിപക്ഷ കൗൺസിലർമാരുടെ ഉൾപ്പെടെ ഒട്ടേറെ വാർഡുകളിൽ ഞായറാഴ്ചയും ഇന്നലെയുമായി വാഹനങ്ങളിൽ വെള്ളം എത്തിച്ചെന്നു നഗരസഭാധ്യക്ഷ ബീന ശശിധരൻ പറഞ്ഞു. ഞായറാഴ്ച മാത്രം നാൽപതിനായിരം ലീറ്ററിലേറെ വെള്ളം വിതരണം ചെയ്തു. ആവശ്യമെങ്കിൽ ഇന്നും ജലവിതരണം തുടരും. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണെന്നു നഗരസഭാധ്യക്ഷ പറഞ്ഞു. അടിക്കടിയുള്ള പൈപ്പ് പൊട്ടൽ, ചൊവ്വര ജലശുദ്ധീകരണ ശാലയിലെ പ്രശ്നങ്ങൾ എന്നിവയാണ് ജലക്ഷാമത്തിനു കാരണമായി ജല അതോറിറ്റി അധികൃതർ പറയുന്നത്.