ഒളിവു വിട്ട് സിദ്ദിഖ് പുറത്ത്; അഭിഭാഷകനെ ഓഫിസിലെത്തി കണ്ടു
Mail This Article
കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒരാഴ്ചയായി ഒളിവിലായിരുന്ന നടൻ കെ.എം.സിദ്ദിഖ് ഇന്നലെ അഭിഭാഷകനെ ഓഫിസിലെത്തി കണ്ടു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയ ശേഷം സിദ്ദിഖ് ഒളിവിലായിരുന്നു. മുൻകൂർ ജാമ്യ ഹർജി സുപ്രിം കോടതി 22 നു പരിഗണിക്കുന്നതു വരെ അറസ്റ്റ് തടഞ്ഞതോടെയാണു ഇന്നലെ പുറത്തിറങ്ങിയത്. ഹൈക്കോടതിക്കു സമീപം അഭിഭാഷകന്റെ ഓഫിസിൽ നേരിട്ടെത്തിയ സിദ്ദിഖ് മാധ്യമപ്രവർത്തകരോടു പ്രതികരിച്ചില്ല. വൈകിട്ട് അഞ്ചുമണിയോടെ മകനൊപ്പമാണ് എത്തിയത്. ഒരു മണിക്കൂറിനു ശേഷം മടങ്ങി.
പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു ചോദ്യം ചെയ്യും. അന്വേഷണ സംഘം നോട്ടിസ് നൽകും മുൻപു അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ നേരിട്ടു ഹാജരാകാനാണു സിദ്ദിഖിനു ലഭിച്ച നിയമോപദേശം. സുപ്രിം കോടതി മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കും മുൻപ് അന്വേഷണം സംഘത്തിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ദിഖിനു മുൻകൂർ ജാമ്യം ഉറപ്പാക്കാമെന്നാണു പ്രതിഭാഗം അഭിഭാഷകരുടെ പ്രതീക്ഷ.
ഒളിവിൽ പോയ ഒരാഴ്ച സിദ്ദിഖ് കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നതായാണു ലഭ്യമായ വിവരം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ശേഷം അറസ്റ്റ് ഒഴിവാക്കി സുപ്രിം കോടതിയെ സമീപിക്കാൻ പൊലീസ് സിദ്ദിഖിന് അവസരം ഒരുക്കിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ വിവരം. ഒളിവിൽ പോയി രണ്ടാം ദിവസം സിദ്ദിഖിന്റെ ഫോൺ ഓണായിരുന്നു.ഇതിനിടെ.സിദ്ദിഖിനെ ചോദ്യം ചെയ്യുന്നതിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളിൽ പൊലീസ് നിയമോപദേശം തേടി. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്നലെ യോഗം ചേർന്നു