ജില്ലാ ആശുപത്രി കാഷ്വൽറ്റിയിൽ ഒരേ ഒരു നഴ്സ് മാത്രം
Mail This Article
ആലുവ∙ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിക്കു വേണ്ടത്ര ജീവനക്കാരില്ല. അപകടത്തിലും മറ്റും പരുക്കേറ്റ് എത്തുന്നവരുടെ മുറിവിൽ മരുന്നു വയ്ക്കണമെങ്കിൽ പോലും മണിക്കൂറുകൾ കാത്തുനിൽക്കണം. ഇതുമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ് ജനങ്ങൾ. ജില്ലാ ആശുപത്രിയുടെ ഭരണം ജില്ലാ പഞ്ചായത്തിനാണെങ്കിലും ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും നടത്തുന്നതു സർക്കാരാണ്. കഴിഞ്ഞ ദിവസം രാത്രി പരുക്കേറ്റ് എത്തിയ യുവാവ് കാഷ്വൽറ്റി ഡോക്ടറെ കണ്ടപ്പോൾ ഇൻജക്‌ഷൻ എടുക്കാനും ഡ്രസ് ചെയ്യാനും നിർദേശിച്ചു നഴ്സിങ് റൂമിലേക്കു വിട്ടു.
നഴ്സിങ് റൂമിനു പുറത്തു നീണ്ട ക്യൂ. ഡ്യൂട്ടിയിൽ ഒരു നഴ്സ് മാത്രം. മുറിയിലെ എട്ടു കട്ടിലിലും രോഗികൾ ഉണ്ട്. കുറച്ചുപേർ ഊഴം കാത്തു നിൽക്കുന്നു. ഇതിനിടെ ശ്വാസ തടസ്സവുമായി ഒരാൾ വന്നു. അറസ്റ്റ് ചെയ്ത പ്രതിയുമായി 2 പൊലീസുകാർ എത്തി. ആരുടെയും മുഖത്തേക്കു നോക്കാതെ ജോലി ചെയ്യുകയാണ് നഴ്സ്. നോക്കിപ്പോയാൽ അവശരായവർക്കു പ്രത്യേക പരിഗണന നൽകേണ്ടി വരും. മുൻഗണന തെറ്റിച്ചാൽ മറ്റുള്ളവർക്കു പിടിക്കില്ല. അതോടെ സംഘർഷമാകും. ഇൻജക്‌ഷൻ എടുക്കൽ, പ്രഷർ പരിശോധന, പനി നോക്കൽ, മുറിവു തുന്നിക്കെട്ടൽ, രോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ തുടങ്ങിയ ജോലികളെല്ലാം ചെയ്യുന്നത് ഒരേയൊരു നഴ്സ്. രാത്രി ആലുവക്കാർ മാത്രമല്ല, ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരും ഇവിടെ ചികിത്സ തേടുന്നുണ്ട്.
ആലുവ താലൂക്ക് ആശുപത്രി 15 വർഷം മുൻപു ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചില്ല. സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചു വേണ്ടത്ര ജീവനക്കാരെ നിയമിക്കണമെന്നു ചൂർണിക്കര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മുൻ വൈസ് പ്രസിഡന്റ് സിറാജ് ചേനക്കര എന്നിവർ ആവശ്യപ്പെട്ടു.