റെയിൽവേ സ്റ്റേഷനുകളുടെ വികസനം: പരാതിക്കെട്ടഴിച്ച് യാത്രക്കാർ
Mail This Article
മുളന്തുരുത്തി ∙ ഒലിപ്പുറം റെയിൽവേ ലവൽക്രോസിൽ പാതിവഴിയിൽ നിലച്ചുകിടക്കുന്ന അണ്ടർ പാസ് നിർമാണം പുനരാരംഭിക്കാൻ വേണ്ട നടപടി വേഗത്തിലാക്കാൻ റെയിൽവേക്കു നിർദേശം നൽകി ഫ്രാൻസിസ് ജോർജ് എംപി. പിറവം നിയോജക മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി എംപി നടത്തിയ ജനസദസ്സിലെ ആവശ്യം പരിഗണിച്ചായിരുന്നു ഇടപെടൽ. ശോച്യാവസ്ഥയിലുള്ള കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷൻ കെട്ടിടം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുമെന്നും എംപി ഉറപ്പു നൽകി. കാഞ്ഞിരമറ്റം, മുളന്തുരുത്തി, ചോറ്റാനിക്കര റോഡ്(കുരീക്കാട്) റെയിൽവേ സ്റ്റേഷനുകളിലാണു എംപി നേരിട്ടെത്തി സദസ്സ് നടത്തിയത്.
റെയിൽവേയുടെ അവഗണനയെത്തുടർന്നു വികസനം എത്താതെ കിടന്ന സ്റ്റേഷനുകളിൽ എംപി നടത്തിയ ജനസദസ്സിൽ യാത്രക്കാരും നാട്ടുകാരും ആവശ്യങ്ങളുടെ കെട്ടഴിച്ചു. സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കണമെന്നുമായിരുന്നു യാത്രക്കാരുടെ പ്രധാന ആവശ്യം. സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണം, പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിച്ചു നടപ്പാലം നിർമിക്കണം, ശുചിമുറി സൗകര്യം ഒരുക്കണം, കാഞ്ഞിരമറ്റം ലവൽക്രോസിൽ മേൽപാലം നിർമിക്കണം തുടങ്ങിയ ആവശ്യങ്ങളാണു കാഞ്ഞിരമറ്റത്തെ സദസ്സിൽ ഉയർന്നത്. റെയിൽവേക്ക് ഒട്ടേറെ സ്ഥലമുള്ള മുളന്തുരുത്തി സ്റ്റേഷൻ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയർത്തണമെന്നു പഞ്ചായത്ത് ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷനോടു ചേർന്നു ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പാർക്കിങ്ങിനായി നൽകണമെന്ന പഞ്ചായത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് എംപി അറിയിച്ചു. പ്ലാറ്റ് ഫോം ഉയർത്തുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായെന്നും ജോലികൾ ഉടൻ ആരംഭിക്കുമെന്നും എംപി പറഞ്ഞു. ചോറ്റാനിക്കര റോഡ് റെയിൽവേ സ്റ്റേഷനിൽ നിർമിച്ച ശുചിമുറിയിലേക്ക് വെള്ളം എത്തിക്കാൻ വേണ്ട നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംപി ഉറപ്പ് നൽകി. മണ്ഡലകാലത്തും മകം ഉത്സവ സമയത്തും പ്രധാന ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്നും സദസ്സിൽ എംപി പറഞ്ഞു. ജനസദസ്സുകളിൽ പഞ്ചായത്ത് ഭരണസമിതികളും വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നിവേദനങ്ങൾ നൽകി.
അനൂപ് ജേക്കബ് എംഎൽഎയും റെയിൽവേ ഉദ്യോഗസ്ഥരും എംപിയോടൊപ്പം ഉണ്ടായിരുന്നു.കുരീക്കാട് റെയിൽവേ മേൽപാലം:സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും.
ചോറ്റാനിക്കര ∙ കുരീക്കാട് റെയിൽവേ മേൽപാലത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ഫ്രാൻസിസ് ജോർജ് എംപിയും അനൂപ് ജേക്കബ് എംഎൽഎയും കലക്ടറെ കാണും. പാലം നിർമാണം നീണ്ടു പോകുന്നതു സംബന്ധിച്ച മനോരമ വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണു തീരുമാനം. കുരീക്കാട് ജംക‍്ഷനിലെ കുരുക്കിനു പരിഹാരം കാണാൻ ഉടൻ പാലം നിർമിക്കണമെന്നു നാട്ടുകാർ സദസ്സിൽ ആവശ്യപ്പെട്ടു. ലവൽക്രോസിലൂടെ പോകുന്ന കൊച്ചിൻ റിഫൈനറിയുടെ ബുള്ളറ്റ് ടാങ്കറുകൾ റെയിൽവേ വൈദ്യുതി ലൈനിനോടു ചേർന്നാണു പോകുന്നതെന്നും ഇതു വലിയ അപകടത്തിനു കാരണമാകാമെന്നും നാട്ടുകാർ അറിയിച്ചു. കുരീക്കാട് റോഡിൽ ബുള്ളറ്റ് ടാങ്കറുകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനു നിർദേശം നൽകുമെന്നും വിവരം റിഫൈനറി അധികൃതരെ അറിയിക്കുമെന്നും എംപി പറഞ്ഞു.