14 ജില്ലകളിലെയും കലക്ടർമാർക്ക് നോട്ടിസ് അയയ്ക്കേണ്ടിവരും; റോഡ് തകർച്ചയിൽ വടിയെടുത്ത് ഹൈക്കോടതി
Mail This Article
കൊച്ചി∙ തന്റെ പരിധിയിലുള്ള ഒരു റോഡ് മരണക്കളമാണെന്ന് അറിയില്ലെങ്കിൽ കലക്ടർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നു ഹൈക്കോടതി. ഒരു കലക്ടറെങ്കിലും ജനങ്ങൾക്കൊപ്പം നിൽക്കാൻ വ്യക്തിത്വം കാണിച്ച് റോഡിൽ എന്തു ചെയ്തെന്നു പിഡബ്ല്യുഡിയോടു ചോദിച്ചാൽ കാര്യങ്ങൾ മാറിമറിയുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കാൻ പിഡബ്ല്യുഡിയോടോ ബന്ധപ്പെട്ട അധികാരികളോടോ കലക്ടർമാർ ആവശ്യപ്പെടേണ്ടതല്ലേ? കോടതിയലക്ഷ്യത്തിന് കലക്ടർമാർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.
എങ്കിൽ ഇക്കാര്യത്തിൽ 14 ജില്ലകളിലെയും കലക്ടർമാർക്ക് നോട്ടിസ് അയയ്ക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. തൃശൂർ–കുന്നംകുളം റോഡിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനു ശേഷം ആ റോഡിൽ ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരുടെ വാഹനങ്ങളുടെ ടയർ പൊട്ടി. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ഒട്ടേറെ റോഡുകളുണ്ട്. ഓരോ ജീവനും അമൂല്യമാണ്. മരിക്കുന്നവരെ കുറിച്ചാണു നമ്മൾ അറിയുന്നത്. നട്ടെല്ലിനും മറ്റും പരുക്കേറ്റ് എത്രപേർ കിടപ്പിലാകുന്നെന്നു കോടതി ചോദിച്ചു.
തൃശൂർ–കുറ്റിപ്പുറം പാതയിൽ മുണ്ടൂരിൽ കഴിഞ്ഞയാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം കുഴിയിൽ വീണു ടയർ പൊട്ടിയിരുന്നു. എന്നാൽ തന്റെ അനുഭവം വച്ചു കൊണ്ടു മാത്രമല്ല ഇക്കാര്യം പറയുന്നതെന്നു കോടതി പറഞ്ഞു.ആരു വിചാരിച്ചാലും നന്നാകില്ലെന്നു ജനങ്ങൾ പറയുന്ന സാഹചര്യം ജനാധിപത്യത്തിനു നന്നല്ലെന്നു കോടതി പറഞ്ഞു. ഇത് വിഐപികളെ മാത്രം ലക്ഷ്യം വച്ചുള്ള സംവിധാനമാണ്. ഇങ്ങനെയാവരുത് ഭരണനിർവഹണം .ഓരോ പൗരനും വിഐപിയാണ്. ഇത്രയധികം എൻജിനീയർമാരുണ്ടായിട്ടും എങ്ങനെയാണ് റോഡുകൾ ഈ അവസ്ഥയിലെത്തുന്നതെന്നു കോടതി ആരാഞ്ഞു.