ടിപ്പറുകൾ പായുന്നു; ഭയത്തോടെ വിദ്യാർഥികൾ
Mail This Article
കിഴക്കമ്പലം∙ സ്കൂൾ സമയത്തെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ടിപ്പർലോറികൾ യഥേഷ്ടം പായുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട പൊലീസും ഒത്താശ ചെയ്യുന്നതോടെ സ്കൂൾ വിദ്യാർഥികളുടെ കാര്യം കഷ്ടത്തിലായി. നെല്ലാട്– കിഴക്കമ്പലം റോഡിലൂടെയാണ് ടിപ്പറുകൾ സമയക്രമം പാലിക്കാതെ പായുന്നത്. ഇന്നലെ ഞാറള്ളൂർ ബെത്‌ലഹേം ദയറാ സ്കൂളിനു മുന്നിലൂടെ രാവിലെയും വൈകിട്ടും ഒട്ടേറെ ടിപ്പറുകളാണ് സ്കൂൾ വിടുന്ന സമയത്ത് കടന്നു പോയത്. ടിപ്പറുകളുടെ അമിത വേഗം മൂലം വിദ്യാർഥികൾ റോഡ് കുറുകെ കടക്കാൻ പ്രയാസപ്പെട്ടു. കൂടാതെ പൊടി ശല്യവും. രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതമുള്ള നിയന്ത്രണമാണ് ടിപ്പർ ലോറികൾ പാലിക്കാത്തത്.
സ്‌കൂൾ, കോളജ് പരിസരങ്ങളിൽ രാവിലെയും വൈകിട്ടും പ്രത്യേക സമയങ്ങളിൽ ടിപ്പർ ഗതാഗത നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് നടപ്പിൽ വരുത്തുന്നതിന് അധികൃതർ വീഴ്ച വരുത്തുന്നതാണ് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്. ഈ സമയങ്ങളിൽ ടിപ്പർ ലോറികൾ നിരത്തിലിറക്കാൻ പാടില്ലെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ തന്നെ നിയമം ലംഘിച്ചാണ് ടിപ്പറുകൾ ലോഡുമായി കുതിക്കുന്നത്. പൊലീസ് പരിശോധന കാര്യക്ഷമമാക്കത്തതും ഇവർക്ക് സഹായകമാണ്. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പൊലീസ് ഇൻസ്പെക്ടറുടെ തസ്തിക ഒഴിഞ്ഞു കിടന്നിട്ട് ഒരു മാസം പിന്നിട്ടു. ഒട്ടേറെ വിഷയങ്ങളിൽ പൊലീസ് ഇടപെടൽ കാര്യക്ഷമാമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സീബ്രാ ലൈനില്ല: ഒപ്പം അമിത വേഗവും
കിഴക്കമ്പലം, പട്ടിമറ്റം മേഖലകളിലെ ഭൂരിഭാഗം സ്കൂളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് റോഡ് കുറുകെ കടക്കാൻ സീബ്രാ ലൈൻ ഇല്ലാത്തത്. പ്രധാന റോഡിൽ തന്നെയുള്ള ഭൂരിഭാഗം സ്കൂളുകളും പൊലീസിന്റെയും, കുട്ടിപ്പൊലീസിന്റെയും സഹായത്തോടെയാണ് കുട്ടികളെ റോഡ് കുറുകെ കടക്കാൻ സഹായിക്കുന്നത്. കൂടാതെ ടിപ്പറുകളുടെ അമിതവേഗം മൂലം റോഡ് കുറുകെ കടക്കാൻ തന്നെ വിദ്യാർഥികൾക്ക് ഭയമാണ്. കിഴക്കമ്പലം, പട്ടിമറ്റം,ഞാറള്ളൂർ, അമ്പലപ്പടി, പെരിങ്ങാല, പുക്കാട്ടുപടി എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് മുന്നിൽ റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ ലൈനില്ല. ഒട്ടേറെ പരാതികൾ ഇതു സംബന്ധിച്ച് നൽകിയെങ്കിലും അധികൃതർ ചെവിക്കൊള്ളുന്നില്ല.