കയ്യാങ്കളിയും വിഭാഗീയതയും: പൂണിത്തുറ ലോക്കൽ കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം

Mail This Article
കൊച്ചി ∙ ലോക്കൽ കമ്മിറ്റി യോഗത്തിലെ കയ്യാങ്കളിയും വിഭാഗീയതയും മൂലം തൃക്കാക്കര ഏരിയ കമ്മിറ്റിക്കു കീഴിലെ പൂണിത്തുറ ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. വിഭാഗീയതയിലും അക്രമത്തിലും പങ്കുണ്ടെന്ന പേരിൽ ഏരിയ കമ്മിറ്റി അംഗവും മുൻ കോർപറേഷൻ കൗൺസിലറുമായ വി. പി. ചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. കെ. ബൈജു, കെ. എ. സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ പി. ബൈജു, എ. ബി. സൂരജ്, കെ. സനീഷ് ,
പാർട്ടി അംഗങ്ങളായ എം. സുനിൽകുമാർ, സൂരജ് ബാബു എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ നടപടികൾ അന്തിമമാവൂ. ഇൗ മാസം 22, 23 തീയതികളിൽ പൂണിത്തുറയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ലോക്കൽ സമ്മേളനവും മാറ്റിവച്ചു. ഇതിനകം ബ്രാഞ്ച് സമ്മേളനങ്ങളിൽ തിരഞ്ഞെടുത്ത പ്രതിനിധികളെവച്ചു മറ്റൊരു ദിവസം സമ്മേളനം നടത്തണോ, അതോ പൂണിത്തുറ ലോക്കൽ കമ്മിറ്റി മറ്റേതെങ്കിലും കമ്മിറ്റിയിൽ ലയിപ്പിക്കണോ എന്നതിലും സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.
ലോക്കൽ കമ്മിറ്റിയിലെ കയ്യാങ്കളിയിൽ പൊലീസ് റിമാൻഡിലാണു പുറത്താക്കപ്പെട്ടവർ. സംഘർഷത്തിൽ വി.പി. ചന്ദ്രൻ പ്രതിയല്ലെങ്കിലും പ്രതികൾക്കു സഹായങ്ങൾ ചെയ്തുകൊടുത്തെന്നാണ് ആരോപണം. മറ്റൊരു പരാതിയിൽ ഏതാനും ആഴ്ചകൾക്കു മുൻപു ചന്ദ്രനെ പാർട്ടി താക്കീത് ചെയ്തിരുന്നു. വയനാട് ദുരിതാശ്വാസത്തിനു സ്ക്രാപ് ചാലഞ്ച് നടത്തിയതു സംബന്ധിച്ചും ചന്ദ്രനെതിരെ ആരോപണമുയർന്നിരുന്നു.
ബ്രാഞ്ച് സമ്മേളനങ്ങളിൽ ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാൻ ആസൂത്രിത നീക്കം നടത്തിയെന്ന ആരോപണത്തെത്തുടർന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നേരത്തേ ഏരിയ കമ്മിറ്റി നീക്കിയിരുന്നു. 17 ബ്രാഞ്ചുകളാണ് പൂണിത്തുറ ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ളത്. സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടർന്നു ലോക്കൽ സെക്രട്ടറി ദിനേശനെ മാറ്റി വൈറ്റില ലോക്കൽ സെക്രട്ടറി പി.ആർ. സത്യനു പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ അധിക ചുമതല നൽകിയിരുന്നു.
കെ. ജെ. ജേക്കബിനോട് വിശദീകരണം തേടും
എറണാകുളത്തെ മുതിർന്ന നേതാവ് കെ. ജെ. ജേക്കബിനെതിരെയുള്ള പരാതിയിൽ വിശദീകരണം ചോദിക്കും. വി.എസ്.അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ യുട്യൂബ് ചാനലിൽ ജോൺ ഫെർണാണ്ടസിനെക്കുറിച്ചു വന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെ. ജെ. ജേക്കബ് സ്വന്തം നിലയിൽ ചുമട്ടുതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായ മോഹനനോട് ആവശ്യപ്പെട്ടിരുന്നു. മോഹനൻ അതിനു തയാറാവാതെ വന്നപ്പോൾ ജേക്കബ് കയർത്തു സംസാരിച്ചെന്നു മോഹനൻ പരാതിപ്പെട്ടു.
ജോൺ ഫെർണാണ്ടസും ഇതേക്കുറിച്ചു പരാതി നൽകി. പരാതി അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിനെ ചുമതലപ്പെടുത്തി. കമ്മിഷനു മുന്നിൽ ജോൺ ഫെർണാണ്ടസിനെതിരെയുള്ള ആരോപണങ്ങൾ ജേക്കബ് ആവർത്തിച്ചു. ഇതേത്തുടർന്നു ജേക്കബിനോടു വിശദീകരണം ചോദിക്കാൻ ഇൗ മാസം ആദ്യം ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചെങ്കിലും ജേക്കബ് പിറ്റേ ദിവസം മുതൽ ആശുപത്രിയിലായതിനാൽ പിന്നീട് നടപടികൾ ഉണ്ടായില്ല.