ADVERTISEMENT

പെരുമ്പാവൂർ ∙ പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിക്കുന്ന അർബൻ സഹകരണ ബാങ്കിൽ 100 കോടി ക്രമക്കേട് ആരോപിച്ചു സഹകരണ മന്ത്രിക്കു പരാതി. വ്യാജ ,ബെനാമി വായ്പകളിലൂടെ മുൻ ഭരണ സമിതി അംഗങ്ങളും സെക്രട്ടറിമാർ അടക്കമുള്ള ജീവനക്കാരും തട്ടിപ്പു നടത്തിയെന്ന് ആരോപിച്ചു നിക്ഷേപ സംരക്ഷണ സമിതിയാണു പരാതി നൽകിയത്.

ഒരു വസ്തുവിൽ 20 ലക്ഷം രൂപയിൽ കൂടുതൽ വായ്പ നൽകാൻ പാടില്ലെന്നാണു വ്യവസ്ഥ. എന്നാൽ 3.60 കോടി രൂപ ബാധ്യതയുള്ള ഭൂമി ഈടു വാങ്ങി 7.80 കോടി രൂപ വായ്പ നൽകി ബാങ്കിനെ കടക്കെണിയിലാക്കിയെന്നാണ് ആക്ഷേപം. 39 വായ്പകൾ 20 ലക്ഷത്തിനു മുകളിലുള്ളവയാണ്. ഒരിക്കൽ പോലും അർബൻ ബാങ്കിൽ സാമ്പത്തിക ഇടപാടുകൾ നടത്താത്ത അംഗങ്ങളുടെ പേരിലും വ്യാജ രേഖകൾ ഉണ്ടാക്കി വൻ തുക വായ്പയെടുത്തിട്ടുണ്ട്.

ഒരു ലക്ഷം മുതൽ 2 കോടി രൂപ വരെ തിരികെ കിട്ടാനുള്ള നിക്ഷേപകരുണ്ട്. ഇതിൽ അതിഥിത്തൊഴിലാളികളും ഉൾപ്പെടുന്നു. ആശുപത്രിച്ചെലവു പോലെയുള്ള അടിയന്തര ആവശ്യങ്ങൾക്കു മാത്രമാണു നിക്ഷേപകർക്കു പണം പിൻവലിക്കാൻ ഇപ്പോൾ അനുവാദം.

2017 മുതൽ 2024 വരെ വായ്പ കുടിശിക വരുത്തിയ 794 പേരുടെ വിവരങ്ങൾ ബാങ്ക് സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർക്കു കൈമാറിയിരുന്നു. എആർഒയുടെ സാന്നിധ്യത്തിൽ ഇതിൽ 559 കേസ് തീർപ്പാക്കിയെന്നു പറയുന്നുണ്ടെങ്കിലും 50 കേസ് മാത്രമാണു തീർപ്പാക്കിയതെന്നു സമിതി ഭാരവാഹികൾ പറയുന്നു.

സമിതിയിലെ അംഗങ്ങൾ 200 പരാതി പൊലീസിൽ നൽകിയിട്ടുണ്ട്. ഇതിൽ 20ൽ താഴെ എഫ്ഐആർ ആണു റജിസ്റ്റർ ചെയ്തത്. 100 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ടെന്നു പറയുമ്പോൾ 100 കോടിയിലധികം പിരിഞ്ഞു കിട്ടാനുണ്ടെന്നാണു ബാങ്ക് വിശദീകരണം. ഈട് നൽകിയ സ്ഥലമടക്കം വിൽക്കാൻ സർക്കാർ അനുമതി തേടിയിരിക്കുകയാണെന്നും പറയുന്നു. ക്രമക്കേടുകൾക്കു കൂട്ടുനിന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ഭരണസമിതി 33.33 കോടി രൂപ പിഴ അടയ്ക്കണമെന്ന് ഉത്തരവുണ്ട്.

സർക്കാർ അനുമതിയില്ലാതെ 12 താൽക്കാലിക ജീവനക്കാരും 8 കലക്‌ഷൻ ഏജന്റുമാരും ജോലി ചെയ്യുന്നുണ്ട്. 65.86 കോടി രൂപ നഷ്ടത്തിൽ നിൽക്കുമ്പോഴും ലക്ഷങ്ങൾ മുടക്കി ബാങ്ക് നവീകരണം നടത്തിയെന്നും ഉദ്യോഗസ്ഥർക്കായി വാഹനങ്ങൾ വാങ്ങിയെന്നും ആക്ഷേപമുയർന്നിരുന്നു.

മന്ത്രിയുമായി ചർച്ച നടത്തി: പ്രസിഡന്റ് 
ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണ മന്ത്രിയുമായി ചർച്ച നടത്തിയെന്നു പ്രസിഡന്റ് പോൾ പാത്തിക്കൽ പറഞ്ഞു. കുടിശിക വരുത്തിയ സ്ഥലം ഉടമകളുടെ സ്ഥലം വിറ്റു മുതൽക്കൂട്ടാനാണു ശ്രമം. ഇങ്ങനെ വിൽക്കുമ്പോൾ കുടിശികക്കാർക്കു പലിശ ഇളവ് അനുവദിക്കണമെന്നു മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. 7 തവണ മന്ത്രിയെ കണ്ടു. കരുവന്നൂർ ബാങ്കിന് നൽകിയതു പോലെ പാക്കേജിനും ശ്രമം ഉണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.

English Summary:

The Perumbavoor Urban Cooperative Bank is embroiled in a major scandal involving allegations of a 100 crore rupee scam. Depositors face an uncertain future as investigations reveal questionable loans, fake documentation, and financial mismanagement. The bank seeks government assistance and plans property auctions to recover funds while depositors demand answers and action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com