കല്ലൂർക്കാട് ബഡ്സ് സ്കൂൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന കേന്ദ്രമാക്കി മാറ്റി

Mail This Article
മൂവാറ്റുപുഴ∙ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു പഠിക്കുന്നതിനു വേണ്ടി നിർമാണം പൂർത്തിയാക്കിയ കല്ലൂർക്കാട് ബഡ്സ് സ്കൂൾ മാലിന്യ ശേഖരിക്കുന്ന കേന്ദ്രമാക്കി മാറ്റി. ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അധികൃതർക്കു പരാതി നൽകി.ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം വിട്ടു നൽകിയ കെട്ടിടം ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ചതിനു ശേഷമാണ് ബഡ്സ് സ്കൂൾ ആരംഭിച്ചത്. എന്നാൽ ഒന്നര വർഷം മുൻപ് ഉദ്ഘാടനം ചെയ്തെങ്കിലും ബഡ്സ് സ്കൂൾ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോർജ് ഫ്രാൻസിസ് തെക്കേക്കരയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസ് അഗസ്റ്റിനും മുൻകയ്യെടുത്താണ് കല്ലൂർക്കാട് ബഡ്സ് സ്കൂൾ ഒരുക്കിയത്.
പഞ്ചായത്ത് ഫണ്ട് കൊണ്ടു മാത്രം ബഡ്സ് സ്കൂൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് ബഡ്സ് സ്കൂൾ അടച്ചിട്ടിരിക്കുന്നത്. നിലവിൽ ഇവിടെ മാലിന്യം ശേഖരിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. സർക്കാർ നിർദേശം അനുസരിച്ച് ബഡ്സ് സ്കൂൾ പ്രവർത്തനത്തിനു സഹായം ലഭ്യമാക്കാൻ ബഡ്സ് സ്പെഷൽ സ്കൂൾ വികസന മാനേജ്മെന്റ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പഞ്ചായത്ത് ഇതിന് ഇതുവരെ തയാറായിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റാണ് ബഡ്സ് സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര ആരോപിച്ചു.
സർക്കാരിന്റെ മാലിന്യ മുക്ത നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി കലൂരിൽ നിർമിച്ച പ്ലാസ്റ്റിക് സംസ്കരണത്തിനുള്ള ഷ്രെഡിങ് യൂണിറ്റ് ഒന്നര വർഷം കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കുന്നില്ല എന്നും ഭരണസമിതി അംഗങ്ങൾ ആരോപിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനു സ്വന്തമായി സംവിധാനം ഉണ്ടെന്നിരിക്കെ ആണു ബഡ്സ് സ്കൂൾ കെട്ടിടവും പരിസരവും മാലിന്യം ശേഖരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.