കണ്ടെയ്നർ റോഡിലെ പണി തീർന്നില്ല; കുരുക്കിൽ ഞെരുങ്ങി നാട്

Mail This Article
ചേരാനല്ലൂർ ∙ കണ്ടെയ്നർ റോഡിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും നിലവിൽ റോഡിൽ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം. കണ്ടെയ്നർ റോഡിൽ മുളവുകാട് ഗോശ്രീ കവല മുതൽ ചേരാനല്ലൂർ വരെയുള്ള റോഡിലാണു ഗതാഗത തടസ്സം രൂക്ഷമായിട്ടുള്ളത്. ഒന്നര മാസം മുൻപ് ആരംഭിച്ച ജോലികൾ ഇതുവരെ പാതി പോലും പൂർത്തിയായിട്ടില്ലെന്നു ടി.ജെ.വിനോജ് എംഎൽഎ പറഞ്ഞു. കോതാട്-ചേരാനല്ലൂർ പാലത്തിന്റെ ടാറിങ് ജോലികളും വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്.
നാലുവരിപ്പാതയിൽ ട്രാഫിക് നിയന്ത്രിച്ചതിനാൽ നിലവിൽ രണ്ടു വരികൾ മാത്രമാണു ഗതാഗത യോഗ്യമായുള്ളത്. പ്രധാനമായും ഹെവി വാഹനങ്ങൾ കടന്നു പോകുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ കടന്നു പോകുവാൻ വളരെ ബുദ്ധിമുട്ടാണ്. അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണം മൂലം തിരക്കേറിയ സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും രൂപപ്പെടുന്നു.
റോഡ് നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ശാസ്ത്രീയമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു എംഎൽഎയും ചേരാനല്ലൂർ പഞ്ചായത്ത് ഭരണസമിതിയും ദേശീയപാത അധികൃതർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.