ദേശീയപാത നിർമാണം: കൂനമ്മാവിൽ കൂറ്റൻ മതിൽ, 16 അടി ഉയരം; നാടിനെ രണ്ടായി മുറിച്ചെന്ന് നാട്ടുകാർ
Mail This Article
വരാപ്പുഴ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള നിവാസികൾ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. വടക്കേക്കര, ചിറ്റാറ്റുകര, പറവൂർ, കോട്ടുവള്ളി, വരാപ്പുഴ, ആലങ്ങാട്, ചേരാനെല്ലൂർ പഞ്ചായത്തുകളിലൂടെയാണു ദേശീയപാത കടന്നു പോകുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ ഇവിടുത്തുകാർ നേരിടുന്നുണ്ട്. ജനങ്ങൾക്കു ബുദ്ധിമുട്ടുകളില്ലാതെ റോഡ് നിർമാണം നടത്തുമെന്നു ദേശീയപാത അധികൃതർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നു പരാതിയുണ്ട്.
ഗതാഗതക്കുരുക്ക്, രൂക്ഷമായ വെള്ളക്കെട്ട്, അടിപ്പാത സൗകര്യങ്ങൾ അനുവദിക്കാത്തത് തുടങ്ങി വിവിധ ജനകീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പ്രമേയം അവതരിപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളിയും എ.എസ്.അനിൽകുമാറും പറഞ്ഞു. ജില്ലാ കലക്ടർ, ദേശീയപാത അധികൃതർ എന്നിവർക്ക് ഇത് സംബന്ധിച്ച് ഒട്ടേറെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കൂനമ്മാവിൽ ചെമ്മായം റോഡുമായി ബന്ധപ്പെടുത്തി മാർക്കറ്റിന് സമീപവും പള്ളിക്കടവ് റോഡുമായി ബന്ധപ്പെടുത്തി മറ്റൊരു അണ്ടർ പാതയും നിർമിക്കണം. എന്നാൽ ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. പ്രതിദിനം ആയിരക്കണക്കിന് വിദ്യാർഥികളാണു കൂനമ്മാവ് ചിത്തിരക്കവലയിൽ എത്തുന്നത്. ഈ ഭാഗത്തു പ്രവർത്തിക്കുന്ന ചാവറ സ്പെഷൽ സ്കൂൾ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചാവറ ദർശൻ സിഎംഐ. പബ്ലിക് സ്കൂൾ,
സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി. സ്കൂൾ, ബിഷപ് തണ്ണിക്കോട്ട് മെമ്മോറിയൽ കോളജ്, സോഷ്യൽ സെന്റർ, കെസിഎം ഐടിഐ, കൂനമ്മാവ് ഗവ. ആശുപത്രി, ഇ.എസ്.ഐ. ഡിസ്‌പെൻസറി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ ഭാഗത്തുണ്ട്. ഇതിനുപുറമെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർഥാടന കേന്ദ്രം, സെന്റ് ജോസഫ് മൊണാസ്ട്രി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് അടിപ്പാത ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കോട്ടുവള്ളി വരാപ്പുഴ അതിർത്തി റോഡ്, മേസ്തിരിപ്പടി റോഡ്, കൂനമ്മാവ് മാർക്കറ്റ് റോഡ് എന്നിവ അടച്ചു കെട്ടിയടച്ചതിനാൽ ഇതിലൂടെയുള്ള യാത്രയും സാധ്യമല്ലാതായി.
കൂനമ്മാവ് ഭാഗത്ത് ഏഴടി മുതൽ പതിനാറ് അടി വരെ ഉയരത്തിൽ മതിൽ നിർമിക്കുന്നതിനാൽ പ്രദേശം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. പദ്ധതിയുടെ തുടക്കത്തിൽ ഒരു കിലോമീറ്റർ ദൂരം ഉയരം കുറഞ്ഞ പാലം മാതൃകയിലാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇതിൽ മാറ്റം വരുത്തി ഒരു പ്രദേശത്തെ രണ്ടായി വിഭജിച്ചാണു പാത കടന്നു പോകുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നിർമാണം തടയൽ ഉൾപ്പെടെയുള്ള സമരപരിപാടിയുമായി രംഗത്ത് ഇറങ്ങാനാണ് സമര സമിതിയുടെ തീരുമാനം.