ഉടമയറിയാതെ ഭൂമി തട്ടിയെന്ന് പരാതി: കേസെടുത്ത് പൊലീസ്
Mail This Article
മട്ടാഞ്ചേരി∙ ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉൾപ്പെടെ 9 പേർക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസ് എടുത്തു. വ്യവസായി നസ്റത്ത് പുത്തൻപുരക്കൽ പി.എ.ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് കേസ്. മട്ടാഞ്ചേരി ജീവ മാത പള്ളിക്ക് മുൻവശം ജോസഫ് സ്റ്റാൻലിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജ ഒപ്പിട്ട് ആധാരം റജിസ്റ്റർ ചെയ്തു തട്ടിയെടുത്തതായാണ് പരാതി. കേസിൽ ആന്റണി കുരീത്തറ 4–ാം പ്രതിയാണ്. ജോസഫ് സ്റ്റാൻലിയുടെ സ്ഥാപനങ്ങളുടെ മാനേജരായി 40 വർഷം ജോലി ചെയ്ത മട്ടാഞ്ചേരി സ്വദേശി വി.എച്ച്.ബാബുവാണ് ഒന്നാം പ്രതി.
ഫോർട്ട്കൊച്ചി തുരുത്തി സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ എം.പി.കുഞ്ഞുമുഹമ്മദിന് 2006ൽ ഭൂമി വിൽപന നടത്തുകയും 21 ദിവസങ്ങൾക്ക് ശേഷം ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് മറിച്ചു വിൽക്കുകയും ചെയ്തെന്നാണ് രേഖകളിൽ കാണുന്നത്. അന്നത്തെ കൊച്ചി സബ് റജിസ്ട്രാർ, ആഷിഷ് റൊസാരിയോ, യട്ടിനഹോൾ ഹൈഡ്രോ ഇലക്ട്രിക് കമ്പനി, ഹനീഷ അജിത്ത്, അനിത സന്തോഷ്, എം.വി.സുരേഷ് എന്നിവരാണ് മറ്റു പ്രതികൾ. ഒന്നാം പ്രതിയുമായി ചേർന്നു 2 മുതൽ 9 വരെ പ്രതികൾ ഗൂഢാലോചന നടത്തി ഭൂമി തട്ടിയെടുത്തതായാണ് പറയുന്നത്.
2006ൽ എം.പി.കുഞ്ഞുമുഹമ്മദിന് 20 ലക്ഷം രൂപയ്ക്കാണ് ഭൂമി വിൽപന നടത്തിയത്. പിന്നീട് കൂടുതൽ തുകയ്ക്ക് ഭൂമി 5–ാം പ്രതിയായ ആഷിഷ് റൊസാരിയോയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വിറ്റു. 2 ആധാരങ്ങളിലും ആന്റണി കുരീത്തറ സാക്ഷിയായി ഒപ്പിട്ടിട്ടുണ്ടെന്ന് കണ്ടതായി ജോസഫ് സ്റ്റാൻലി പറയുന്നു. 1998ൽ കോടതിയിൽ നിന്ന് ജോസഫ് സ്റ്റാൻലി ലേലത്തിൽ വാങ്ങിയതാണ് കായൽ തീരത്തുള്ള വസ്തു.
വിൽപത്രം എഴുതി വയ്ക്കുന്നതിനായി ഈയിടെ രേഖകൾ പരിശോധിച്ചപ്പോഴാണ് 54.5 സെന്റ് സ്ഥലം തന്റെ പേരിൽ അല്ലെന്ന് മനസ്സിലായതെന്ന് സ്റ്റാൻലി പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതേ സമയം, ഉടമ അറിയാതെ ഭൂമി വിറ്റുവെന്ന പരാതിയിൽ പറയുന്ന ആധാരത്തിൽ താൻ സാക്ഷി മാത്രമാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. ആധാരം ജോസഫ് സ്റ്റാൻലിയുടെ വീട്ടിൽ വച്ചാണ് റജിസ്റ്റർ ചെയ്തതെന്നും രേഖകൾ പോലും പരിശോധിക്കാതെ ചില സമ്മർദങ്ങൾക്ക് വിധേയമായാണ് പൊലീസ് തന്നെ പ്രതി സ്ഥാനത്ത് ചേർത്തിരിക്കുന്നതെന്നും ആന്റണി കുരീത്തറ പറഞ്ഞു.