ഒരു വീടിന് വേണ്ടിയാണ് സർ..; വഴിയും വെള്ളവും വെളിച്ചവും ഇല്ലാത്ത സ്ഥലത്ത് വീടിനായി നെട്ടോട്ടം
Mail This Article
പെരുമ്പാവൂർ ∙ വഴിയും വെള്ളവും വെളിച്ചവും ഇല്ലാത്ത സ്ഥലത്ത് വീട് നിർമിക്കാൻ കഴിയാതെ 10 വർഷത്തോളമായി ഓഫിസുകൾ കയറിയിറങ്ങി ഗുണഭോക്താക്കൾ. 2013 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് വെങ്ങോല പഞ്ചായത്ത് 3–ാം വാർഡിൽ ആനന്ദ് ഓയിൽ കമ്പനിക്കു സമീപം സർക്കാർ സ്ഥലം ലഭിച്ച 5 പേരാണ് ഇപ്പോഴും വാടക വീട്ടിലും പുറമ്പോക്കിലുമായി കഴിയുന്നത്. 15 സെന്റ് സ്ഥലം 3 സെന്റ് വീതമായി 5 പേർക്കാണ് നൽകിയത്. സ്ഥലത്തേക്ക് പ്രവേശിക്കാൻ വഴിയില്ല. ഇതോടെ വീട് നിർമാണം വഴിമുട്ടി.
കിട്ടിയ പട്ടയവുമായി ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമില്ല. പട്ടയം ലഭിച്ചതിനാൽ മറ്റ് സർക്കാർ പദ്ധതി പ്രകാരം ഇവർക്ക് സ്ഥലം ലഭിക്കുകയുമില്ല. അല്ലപ്ര കണ്ടന്തറ കാരോട്ടകുടി ശാന്ത, വളയൻചിറങ്ങര പാപ്പുറത്ത് കല്യാണി ഇട്ടി, പോഞ്ഞാശേരി തൊണ്ടിക്കുടി കാർത്തു കുട്ടപ്പൻ, തുരുത്തിപ്ലി പള്ളിത്താഴത്ത്കെ.സരസ്വതി, വെങ്ങോല ഓണംകുളം പങ്കിമല പരേതയായ അമ്മിണി തങ്കപ്പൻ എന്നിവർക്കാണു ഭൂമി ലഭിച്ചത്.
യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു വച്ചാണ് പട്ടയ വിതരണം നടത്തിയത്. എന്നാൽ വാഹന സൗകര്യം ലഭ്യമല്ലാത്തതിനാൽ ഗുണഭോക്താക്കളായ 5 പേർക്കും പോകാൻ കഴിഞ്ഞില്ല. പിറ്റേന്ന് വില്ലേജ് അധികൃതർ വീട്ടിലെത്തിയാണ് പട്ടയം കൈമാറിയത്. പിന്നീട് വന്ന ഇടതു സർക്കാരിലും ഗുണഭോക്താക്കൾ പ്രതീക്ഷയർപ്പിച്ചെങ്കിലും ഇതുവരെ നടപടിയില്ല. ഇതിനിടയിൽ വീട് കാത്തിരുന്ന അമ്മിണി തങ്കപ്പൻ മരിച്ചു.
പട്ടയം ലഭിച്ച സ്ഥലത്തേക്കു പോയി കാട് വെട്ടിത്തളിക്കാനോ കൃഷി ചെയ്യാനോ പോലും കഴിയുന്നില്ല. ചോർന്നൊലിക്കുന്നതും ഇടുങ്ങിയതുമായ വീടുകളിലാണ് പലരും ഇപ്പോഴും കഴിയുന്നത്.ഗുണഭോക്താക്കൾ ഇതുവരെ ബന്ധപ്പെട്ടവർക്കയച്ച കത്തുകൾ റജിസ്റ്റർ ചെയ്യാൻ ചെലവാക്കിയ തുകയുണ്ടായിരുന്നെങ്കിൽ 5 പേരിൽ ഒരാൾക്കെങ്കിലും 3 സെന്റ് സ്ഥലം പണം കൊടുത്ത് വാങ്ങി വീട് നിർമിക്കാമായിരുന്നെന്നാണു പറയുന്നത്.