പശുക്കുട്ടികളെ കുത്തി നിറച്ച് എത്തിയ പിക് അപ് വാൻ കസ്റ്റഡിയിലെടുത്തു

Mail This Article
തോപ്പുംപടി∙ നിയമം ലംഘിച്ച് പശുക്കുട്ടികളെ കുത്തി നിറച്ച് എത്തിയ പിക് അപ് വാൻ ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് കന്നുകാലികളെ കൊണ്ടു പോകുന്നത് മൃഗസ്നേഹികളുടെ ശ്രദ്ധയിൽ പെട്ടത്. അവർ വാൻ തടഞ്ഞു നിർത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.ഹാർബർ എസ്എച്ച്ഒ ബി.സുനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി വാൻ കസ്റ്റഡിയിലെടുത്തു.
വാഹനത്തിൽ ഉണ്ടായിരുന്ന മട്ടാഞ്ചേരി പുല്ലുപാലം വേലുത്തിറ അഫ്സൽ (42), പുത്തൻപറമ്പിൽ സുബൈർ (45) എന്നിവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. പാലക്കാട് ചന്തയിൽ നിന്നാണ് പശുക്കുട്ടികളെ എത്തിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. 29 പശുക്കുട്ടികൾ വാനിൽ ഉണ്ടായിരുന്നു. ഇവയെ ആലങ്ങാടുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. നിയമ പ്രകാരം ഏറ്റവും വലിയ ലോറികളിൽ പരമാവധി 16 വലിയ കന്നുകാലികളെ മാത്രമേ കയറ്റാൻ അനുവാദമുള്ളു. എന്നാൽ ചെറിയ വാഹനങ്ങളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് പതിവാണ്.