കനാൽ നിർമിതി റോഡിലേക്ക്; 5 റോഡ് ചേരുന്ന ജംക്‌ഷനിൽ ഭീഷണി
Mail This Article
കാലടി∙ ടൗണിൽ മലയാറ്റൂർ റോഡിൽ റോഡിലേക്ക് കയറി നിൽക്കുന്ന ആവണംകോട് ജലസേചന പദ്ധതി കനാൽ അപകട ഭീഷണിയായി. കനാൽ നേരത്തെ റോഡിനു പുറത്തായിരുന്നു. എന്നാൽ കനാൽ ഭാഗത്തു നിന്ന് ടൗണിലേക്കുള്ള റോഡിന്റെ ഭാഗം വീതി കൂട്ടി ടൈൽ വിരിച്ചതോടെ കനാൽ റോഡിലേക്ക് നീണ്ടു നിൽക്കുന്ന അവസ്ഥയായി. പുറമ്പോക്കുകൾ ഏറ്റെടുത്ത് റോഡ് വീതി കൂട്ടി ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് കേന്ദ്ര ഫണ്ട് പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരികയാണ്. ഇതോടെ കനാൽ കൂടുതൽ അപകടകരമാകും. നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണ് കാലടി– മലയാറ്റൂർ റോഡ്. അതിനു പുറമേ കനാലിന്റെ ഭാഗം 5 റോഡുകൾ ചേരുന്ന ജംക്‌ഷനാണ്.
കാലടിയിൽ നിന്നും മലയാറ്റൂരിൽ നിന്നുമുള്ള റോഡുകൾക്കു പുറമേ ആശ്രമം റോഡിൽ നിന്നും എംസി റോഡിൽ നിന്നുമുള്ള കനാൽ ബണ്ട് റോഡുകളും മറ്റൂർ– കൈപ്പട്ടൂർ റോഡിൽ നിന്ന് പുത്തൻകാവ് റോഡും ഇവിടെ വന്നു ചേരുന്നു. 5 റോഡുകളിൽ നിന്ന് വാഹനങ്ങൾ വരുന്നതിനാൽ കനാൽ അപകടകരമാകുകയും ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്യും. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പഴയ പ്രവേശന കവാടവും ഈ ജംക്‌ഷനിൽ തന്നെയാണ്.
കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്ക് ദിവസവും തീർഥാടകർ വരുന്നത് ഈ വഴിയാണ്. മലയാറ്റൂർ കുരിശുമുടിയിലേക്കും ഇതുവഴി ധാരാളം തീർഥാടകർ എത്തുന്നു. പുതുഞായർ തീർഥാടനക്കാലത്ത് വാഹനങ്ങളുടെ വലിയ തിരക്കായിരിക്കും. അതിനാൽ ഭാവി വികസന സാധ്യതകൾ കൂടി കണക്കിലെടുത്ത് കാലടിയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ ആവണംകോട് പദ്ധതിയുടെ കനാലിന്റെ റോഡിലേക്ക് തള്ളി നിൽക്കുന്ന ഭാഗം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.