എറണാകുളത്തിന് കലാകിരീടം; കലാപൂരത്തിന് ആവേശക്കൊടിയിറക്കം
Mail This Article
കുറുപ്പംപടി ∙ നാടൊന്നാകെ ആഘോഷിച്ച ജില്ലാ കലോത്സവ ആഘോഷങ്ങൾക്കു കൊടിയിറങ്ങി. ഇനി കലാപൂരത്തിന്റെ സംസ്ഥാന കൊടിയേറ്റം തിരുവനന്തപുരത്ത്. ജില്ലാ കലോത്സവത്തിൽ തുടർച്ചയായ 3–ാം വർഷവും എറണാകുളം ഉപജില്ലയ്ക്കാണു (961) സ്‌കൂൾ കലോത്സവ കിരീടം. ഒപ്പത്തിനൊപ്പം പോരാടിനിന്ന ആലുവ ഉപജില്ലയെ (922) തൊട്ടുപിന്നിലാക്കി. കഴിഞ്ഞ വർഷം 5–ാം സ്ഥാനത്തായിരുന്ന പറവൂർ ഉപജില്ല ഇത്തവണ മൂന്നാമതെത്തി (849).
മറ്റ് ഉപജില്ലകളുടെ പോയിന്റ് നില: മട്ടാഞ്ചേരി (808), പെരുമ്പാവൂർ (806), മൂവാറ്റുപുഴ (798), കോതമംഗലം (783), അങ്കമാലി (722), തൃപ്പൂണിത്തുറ (714), വൈപ്പിൻ (702), കോലഞ്ചേരി (679), പിറവം (463), കൂത്താട്ടുകുളം (370), കല്ലൂർക്കാട് (270). സ്‌കൂൾ വിഭാഗത്തിൽ 331 പോയിന്റോടെ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കനത്ത മത്സരത്തിനൊടുവിലാണു മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിനെ (255), മറികടന്ന് എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് (261) റണ്ണേഴ്‌സ് അപ്പായത്.
പറവൂർ ശ്രീനാരായണ എച്ച്എസ്എസ് (222), എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസ് (211) ടീമുകളും ആദ്യ 5ൽ ഇടംനേടി. നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു കലോത്സവത്തിന്റെ അവസാന ദിനങ്ങളിലെ മത്സരങ്ങൾ. മത്സരിക്കാൻ ടീമുകൾ എത്താത്തതിനെ തുടർന്ന് എച്ച്എസ്എസ് വിഭാഗം ബാൻഡ് മേളം മത്സരം റദ്ദാക്കി. എച്ച്എസ് വിഭാഗത്തിൽ 10 ടീമുകളാണു മത്സരിച്ചത്. 5 ദിവസങ്ങളിലാകെ 70ൽ ഏറെ അപ്പീലുകളാണു ലഭിച്ചത്. ഏതാനും മത്സരഫലങ്ങളെച്ചൊല്ലി തർക്കവുമുണ്ടായി.
അറബിക് കലോത്സവത്തിൽ എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസ് ഇരട്ട ജേതാക്കളായി. യുപി (45 പോയിന്റ്), ഹൈസ്‌കൂൾ (78) വിഭാഗങ്ങളിലാണു ജേതാക്കളായത്. ചെറുവട്ടൂർ ഗവ. മോഡൽ എച്ച്എസ്എസും കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വിഎച്ച്എസ്എസും 51 പോയിന്റുകൾ നേടി എച്ച്എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു. ഞാറല്ലൂർ ബത്‌ലഹം ദയറാ എച്ച്എസ്, കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് എച്ച്എസ്, മാഞ്ഞാലി അൻസാറുൽ ഇസ്‌ലാം സംഘം യുപിഎസ് എന്നിവർ 43 പോയിന്റു വീതം നേടി യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.
കലോത്സവത്തിന്റെ സമാപനച്ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള ട്രോഫിയും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. കലക്ടർ എൻ.എസ്.കെ. ഉമേഷും നടൻ ബിപിൻ ജോർജും ബാലരാരം ദേവനന്ദയും മുഖ്യതിഥികളായിരുന്നു. ഡിഡിഇ ഹണി ജി.അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി.അജിത് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി.അജയകുമാർ, പി.പി.അവറാച്ചൻ, ഷിജി ഷാജി, ശിൽപ സുധീഷ്,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.ജെ.ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ഫാ. ഗീവർഗീസ് കുറ്റാലിൽ കോറെപ്പിസ്കോപ്പ, ദീപ ജോയി, ബിജു കുര്യാക്കോസ്, എംജിഎം എച്ച്എസ്എസ് മാനേജർ ജിജു കോര, എ.വൈ.സാജു, ഒ.കെ.ജസീന, കെ.എ.നൗഷാദ്, ജി.ആനന്ദ് കുമാർ, ഡോ. സന്തോഷ് കുമാർ, രഞ്ജിത് മാത്യു, സജി ചെറിയാൻ, സി.എ.അജ്മൽ, ഷാജി ജോർജ്, എസ്.അനി, എം.എ.നാസർ, ബേബി കിളിയായത്ത്, ഫെജിൻ പോൾ, ലൗലിൻ ഐസക്, ഷിൻസി മാത്യു, ബിജോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
തളർന്നുവീഴുമ്പോഴും പൊരുതിജയിക്കുന്നവർ
കുറുപ്പംപടി ∙ മത്സരം കഴിഞ്ഞയുടൻ സംഘത്തിലെ 4 പേർ തളർന്നുവീണ സങ്കടത്തിൽ നെട്ടോട്ടം ഓടുമ്പോഴാണു യുപി വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനമെന്ന അനൗൺസ്മെന്റ് ഒക്കൽ എസ്എൻ എച്ച്എസ്എസ് ടീം കേട്ടത്. അതോടെ, കുട്ടികളും അധ്യാപകരും ഉഷാറായി. ഇതിനിടെയാണു തളർന്നു വീണവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാക്കിയത്. ചിരിക്കാനും കരയാനും കഴിയാത്ത അവസ്ഥയിലായിരുന്നു സ്‌കൂൾ സംഘം. ചികിത്സ തേടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. അധ്യാപകരും മാധ്യമ പ്രവർത്തകരും ഇടപെട്ടാണു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
മെഗാ ബംപർ നറുക്കെടുപ്പ് സി.ബി.ശ്രീഹരി വിജയി
കുറുപ്പംപടി ∙ ജില്ലാ കലോത്സവ വേദിയിലെ മലയാള മനോരമ– പിട്ടാപ്പിള്ളിൽ സ്റ്റാളിൽ നടത്തിയ മെഗാ ബംപർ നറുക്കെടുപ്പിൽ മേതല സ്വദേശി സി.ബി.ശ്രീഹരി വിജയി. പിട്ടാപ്പിള്ളിൽ ഏജൻസീസ് സ്പോൺസർ ചെയ്ത സമ്മാനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി.അജിത്കുമാർ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, എംജിഎം സ്കൂൾ ഹെഡ്മിസ്ട്രസ് ഷിൻസി മാത്യു, മലയാള മനോരമ സർക്കുലേഷൻ ഓഫിസർ ജോബിൻ പി.വർഗീസ് എന്നിവർ പ്രസംഗിച്ചു.