കലാകാരന്മാർ രാജ്യത്തിന് ആവശ്യം: ഗവർണർ സി.വി. ആനന്ദബോസ്
Mail This Article
കൊച്ചി ∙ ഡോക്ടർമാരെയും എൻജിനീയർമാരെയും മറ്റു പ്രഫഷനലുകളെയും മാത്രമല്ല, കലാകാരന്മാരെയും രാജ്യത്തിന് ആവശ്യമാണെന്നു ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. അവരില്ലെങ്കിൽ രാജ്യത്തിനു ശ്രേയസ്സുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച കൊച്ചി രാജ്യാന്തര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ചം ഉണ്ടാകുന്നതിനും മുൻപേ കലയുണ്ടായി. ഭാവനയിൽ നിന്നാണു കലയുണ്ടാകുന്നത്. പ്രപഞ്ച സൃഷ്ടി ദൈവത്തിന്റെ ഭാവനയിൽ നിന്നാണ്.
കാലത്തെയും കാലനെയും അതിജീവിക്കാൻ സാധിക്കുന്നതു കലയ്ക്കു മാത്രമാണ്. സഹൃദയത്വത്തോടെ മുന്നോട്ടു പോകാൻ കലാകാരന്മാർക്കു സാധിക്കും. കല ഉൾക്കൊള്ളുന്നവർക്കും ആ സഹൃദയത്വം ഉണ്ടാകും. പുസ്തകം എഴുതിക്കഴിഞ്ഞാൽ വായനക്കാരുടെയാണ്. ഏതാണു നല്ല കൃതി, മോശം കൃതി എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവ സമിതി ചെയർമാൻ ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ.എം.കെ. സാനു, ടി.ജെ. വിനോദ് എംഎൽഎ, മേയർ എം. അനിൽകുമാർ, പി. സോമനാഥൻ, ലിജി ഭരത് എന്നിവർ പ്രസംഗിച്ചു.
പുസ്തകോത്സവത്തിന്റെ ബുള്ളറ്റിൻ മേയർ എം. അനിൽകുമാർ ടി.ജെ. വിനോദിനു നൽകി പ്രകാശനം ചെയ്തു. ബംഗാൾ ഗവർണറുടെ എക്സലൻസി അവാർഡുകൾ മാധ്യമ പ്രവർത്തക ബീനാ റാണിക്കും യുവകവി ശ്രീനിവാസൻ തൂണേരിയ്ക്കും സമ്മാനിച്ചു. ആനന്ദബോസിന്റെ പുസ്തകങ്ങളെക്കുറി ച്ചുള്ള ചർച്ചയും അരങ്ങേറി. പുസ്തകോത്സവത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 5 മികച്ച എഴുത്തുകാർക്കു ഗവർണർ എക്‌സലൻസി അവാർഡുകൾ നൽകുമെന്ന് ആനന്ദബോസ് പ്രഖ്യാപിച്ചു.
വിലക്കിഴിവുമായി മനോരമ ബുക്സ്
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച രാജ്യാന്തര പുസ്തകോത്സവ വേദിയിലെ മനോരമ ബുക്സ് സ്റ്റാൾ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ വിലക്കിഴിവു ലഭിക്കും. 1000 രൂപയ്ക്കു മുകളിൽ പുസ്തകങ്ങൾ വാങ്ങിയാൽ മലയാള മനോരമ പ്രസിദ്ധീകരണങ്ങളിൽ ഒന്നിന്റെ 6 മാസത്തെ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. 1500 രൂപയ്ക്കു മുകളിലാണെങ്കിൽ ഒരു വർഷ സബ്സ്ക്രിപ്ഷൻ സൗജന്യം. മനോരമ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകാനും അംഗത്വം പുതുക്കാനും സ്റ്റാളിൽ സൗകര്യം ലഭിക്കും.