ഗതാഗതക്കുരുക്കിനു ആശ്വാസമാകും; എംസി റോഡിലെ കുഴികൾ അടച്ചുതുടങ്ങി
Mail This Article
മൂവാറ്റുപുഴ∙ നഗരത്തിൽ ഗതാഗതക്കുരുക്കിനു കാരണമായ എംസി റോഡിലെ കുഴികൾ അടച്ചു ടാർ ചെയ്യുന്ന ജോലികൾ ആരംഭിച്ചു. ശബരിമല തീർഥാടകർ ഏറെ ആശ്രയിക്കുന്ന എംസി റോഡ് മൂവാറ്റുപുഴ നഗരത്തിൽ കുഴികൾ നിറഞ്ഞ് തകർന്ന അവസ്ഥയിലാണ്.റോഡിലൂടെയുള്ള യാത്ര ദുരിതമാകുകയും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ പൊതുമരാമത്ത് വകുപ്പിനും കേരള റോഡ് ഫണ്ട് ബോർഡിനും കത്ത് നൽകിയിരുന്നു.
ഇതേ തുടർന്നാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ രാത്രി ആണു കുഴിയടപ്പ് നടക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.കുഴികൾ അടയ്ക്കുന്നതിനൊപ്പം തന്നെ ഓടകൾ വൃത്തിയാക്കുന്നതും ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും പൂർത്തിയാക്കണമെന്നു എംഎൽഎ ആവശ്യപ്പെട്ടു.
നഗര റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്ന എംസി റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനും അനുയോജ്യമായ മറ്റ് റോഡുകളിലൂടെ വാഹനങ്ങൾ വഴി തിരിച്ച് വിട്ട് ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും മാത്യു കുഴൽനാടൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മണ്ഡലത്തിലെ വിവിധ തലങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.