കലോത്സവം ഗ്രാമങ്ങളിലേക്ക് എന്ന പരീക്ഷണം വിജയം; കുറുപ്പംപടിയെ ‘കല’ക്കൻപടിയാക്കി കലോത്സവം
Mail This Article
കുറുപ്പംപടി ∙ നാട്ടിലെത്തിയ ആദ്യ ജില്ലാ കലോത്സവം ഏറ്റെടുത്ത് നാട്. കലോത്സവം ഗ്രാമങ്ങളിലേക്ക് എന്ന പരീക്ഷണം വിജയമാതൃകയെന്നു തെളിയിക്കുന്ന മികച്ച ജനപങ്കാളിത്തമായിരുന്നു കലാ സദസ്സുകളിൽ. രായമംഗലം പഞ്ചായത്തിലെ കുറുപ്പംപടിയിൽ കലോത്സവം ആലോചിക്കുമ്പോൾ ഗതാഗതം, പാർക്കിങ്, വേദികളുടെ ലഭ്യത, താമസ സൗകര്യം എന്നിങ്ങനെ ആശങ്ക പലവിധമായിരുന്നു. ഇതെല്ലാം അസ്ഥാനത്താക്കിയാണു കലോത്സവത്തിനു കൊടിയിറങ്ങിയത്. ആദ്യ അന്വേഷണത്തിൽത്തന്നെ 15 വേദികളും സംഘാടക സമിതിക്കു ലഭ്യമായി. അതെല്ലാം മുഖ്യവേദിയായ എംജിഎം സ്കൂളിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ലഭിച്ചതും സൗകര്യമായി.
സംസ്ഥാനപാതയായ എഎം റോഡിന് ഇരുവശത്തുമാണ് വേദികൾ എന്നതിനാൽ കലോത്സവത്തിനെത്തിയവർക്കു ഗതാഗതം സുഗമമായി. സെന്റ് മേരീസ് കത്തീഡ്രലിന്റെ മൈതാനം കിട്ടിയതോടെ പാർക്കിങ് സൗകര്യവും ഒരുങ്ങി. പൊലീസ് കാര്യക്ഷമമായി ഇടപെട്ടതിനാൽ എഎം റോഡിനെ ഗതാഗതക്കുരുക്കു വലച്ചില്ല. ഏതാനും മത്സരഫലങ്ങളെ ചൊല്ലിയുണ്ടായ പ്രതിഷേധമായിരുന്നു കലോത്സവത്തിലുണ്ടായ അസ്വാരസ്യം. അതു പരിഹരിക്കാനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വർക്കിങ് ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ ജനറൽ കൺവീനറും രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സംഘം 15 ഉപസമിതികളുടെ സഹായത്തോടെയാണു കലോത്സവത്തിനായി പ്രവർത്തിച്ചത്. വിവിധ അധ്യാപക സംഘടനകൾക്കായിരുന്നു ഓരോ സമിതികളുടെയും ചുമതല. വലിയ മേളകൾ മികച്ച ജനപങ്കാളിത്തത്തോടെ ഗ്രാമീണ മേഖലയിലും നടത്താൻ കഴിയുമെന്നു തെളിയിച്ചാണ് 5 ദിവസത്തെ കലാമേളയെ കുറുപ്പംപടി യാത്രയാക്കിയത്.