ADVERTISEMENT

കൊച്ചി∙ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വേണ്ടി ഹൈബി ഈഡൻ എംപി സംഘടിപ്പിക്കുന്ന ‘ഏയ് ഓട്ടോ’ വെൽനെസ് ക്യാംപിന്റെ ആദ്യ ക്യാംപിൽ 824 പേർ പങ്കെടുത്തു. എറണാകുളം ടൗൺ ഹാളിൽ വച്ച് സംഘടിപ്പിച്ച ക്യാംപിൽ എറണാകുളം നഗരം, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, ചിറ്റൂർ, ചേരാനല്ലൂർ പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് പങ്കെടുത്തത്. ബിപിസിഎൽ കൊച്ചിയുടെ സിഎസ്ആർ പിന്തുണയോടെ ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ayy-auto-wellness-camp-ernakulam-2

ജീവിതശൈലി രോഗനിർണയത്തിന് ആവശ്യമായ രക്ത പരിശോധന നടത്തുന്നതിനു വേണ്ട സാംപിളുകൾ ക്യാംപിൽ ശേഖരിച്ചു. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് റിസൾട്ടുകൾ ഓരോരുത്തരുടെയും വാട്സാപ്പിൽ ലഭ്യമാക്കും. ദന്ത പരിശോധനയ്ക്കും കാഴ്ച പരിശോധനയ്ക്കും കേൾവി പരിശോധനയ്ക്കും സൗകര്യം ഒരുക്കിയിരുന്നു. കണ്ണട ആവശ്യമായി വരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും തൊട്ടടുത്ത ദിവസം തന്നെ അവ വിതരണം ചെയ്യുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

ayy-auto-wellness-camp-ernakulam-3

അത്യാധുനിക രീതിയിലാണ് ക്യാംപ് സംഘടിപ്പിച്ചത്. റജിസ്ട്രേഷൻ മുതൽ അവസാന പരിശോധനയും കഴിഞ്ഞ് ഡോക്ടറെ കണ്ടതിനു ശേഷം മുഴുവൻ വിവരങ്ങളും പ്രിന്റായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. മാനസികാരോഗ്യം, ഭക്ഷണ ക്രമീകരണം തുടങ്ങിയ കാര്യങ്ങളിൽ ബോധവൽകരണം ഏർപ്പെടുത്തിയിരുന്നു. ഡയബറ്റിക് സ്കാനിങ്, ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കുള്ള പിഎഫ്ടി, ഇസിജി സംവിധാനങ്ങളും സജീകരിച്ചിരുന്നു. ജനറൽ മെഡിസിൻ, പൾമനറി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനവും ഫിസിയോതെറാപ്പി കൺസൾട്ടേഷനും ഉണ്ടായിരുന്നു.

ayy-auto-wellness-camp-ernakulam-4

നിരവധി പ്രതിസന്ധികളെ അതിജീവിച്ച് തൊഴിലെടുക്കുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. അവരുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. മണ്ഡലത്തിലെ ബാക്കി 6 ഇടങ്ങളിൽ ഉടൻ ക്യാംപ്യുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എറണാകുളം എംഎൽഎ ടി.ജെ.വിനോദ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എംഎൽഎ, ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്‌, നടൻ ശ്രീകാന്ത് മുരളി, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹീംകുട്ടി, എഐഡബ്യുസി സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്, ബിപിസിഎൽ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) കെ.ജോൺസൺ, ചീഫ് മാനേജർ (പിആർ ആൻ‍ഡ് അഡ്മിൻ) വിനീത് എം. വർഗീസ്, ഫ്യൂച്ചറേസ് ഹോസ്പിറ്റൽ സിഇഒ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ ഹസൈൻ, ഡയറക്ടർ ഡോ. ആഷ്‌ന ഹനീഷ്, ജനറൽ മാനേജർ എം.എം.ഷിയാസ്, ഒഫ്‌താൽമോളജി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ലോറ എഡിസൺ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Aye Auto Wellness Camp organized by Hibi Eden MP provided free medical checkups and consultations to 824 autorickshaw drivers in Ernakulam. The camp, held in collaboration with Edappally Futures Hospital and supported by BPCL Kochi, aimed to address the healthcare needs of this hardworking community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com