വേലിയേറ്റം: വീടുകൾക്ക് വെള്ളക്കെട്ടു ഭീഷണി

Mail This Article
അരൂർ∙ കനത്ത വേലിയേറ്റം മൂലം തീരപ്രദേശങ്ങളിലെ കായലോരങ്ങളിൽ നൂറുകണക്കിനു വീടുകൾ വെള്ളക്കെട്ടു ഭീഷണിയിൽ. പൊഴിച്ചാലുകളുടെയും കായലുകളുടെയും ഓരങ്ങളിലുള്ള ഒട്ടേറെ വീടുകൾ വെള്ളത്തിൽ മുങ്ങി. ചേരുങ്കൽ, പൊഴിച്ചിറ കോളനി , എഴുപുന്ന, പള്ളിത്തോട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് വേലിയേറ്റ സമയങ്ങളിൽ കായൽ വെള്ളം കയറുന്നത്. പുലർച്ചെ തുടങ്ങുന്ന വേലിയേറ്റം ഉച്ചയ്ക്കു ശേഷമാണ് കുറയുന്നത്. പൊഴിച്ചാലുകൾക്കു സമീപമുള്ള വീടുകൾക്കു സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് കായൽ വെള്ളം ഇരച്ചുകയറാൻ കാരണമാകുന്നത്.
വെള്ളക്കെട്ടുമൂലം വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ പോലും കഴിയുന്നില്ല. അന്ധകാരനഴിയിൽ മണ്ണ് അടിഞ്ഞു കിടക്കുകയാണ്. ഇവ നീക്കം ചെയ്ത് അഴി തുറന്നാൽ മാത്രമേ വെള്ളക്കെട്ടിനു പരിഹാരമാകൂ. കായൽ വെള്ളം കയറുന്നതു മൂലം വീടുകളും പറമ്പുകളും ചെളി നിറഞ്ഞ നിലയിലാണ്. വീടുകളെ സംരക്ഷിക്കുന്ന തരത്തിൽ കരിങ്കൽ ഭിത്തി നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളായിട്ടും നടപടിയില്ലെന്നു കായലോര നിവാസികൾ പറഞ്ഞു.

മുണ്ടംവേലി പ്രദേശം
തോപ്പുംപടി∙ പശ്ചിമകൊച്ചിയിലെ മുണ്ടംവേലി പ്രദേശത്ത് വേലിയേറ്റം രൂക്ഷം. മുണ്ടംവേലി എൽപി സ്കൂളിനോട് ചേർന്നുള്ള റോഡ് മലിനജലം നിറഞ്ഞ് കിടക്കുന്നതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയുന്നില്ല. ഇവിടെയുള്ള വീടുകളുടെ പരിസരത്തും കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുന്നു. ചെല്ലാനം പഞ്ചായത്തിൽ കാട്ടിപ്പറമ്പ്, കളത്തറ പാലത്തിലുള്ള പത്തായം വേലിയേറ്റ സമയത്ത് അടച്ചാൽ വേലിയേറ്റം തടയാൻ കഴിയുമെന്ന് കെഎൽസിഎ മുണ്ടംവേലി യൂണിറ്റ് പ്രസിഡന്റ് ഇ.ജെ.ജോഷി, സെക്രട്ടറി ജൂഡിറ്റ് പെൻസൺ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി സംഘടന ഈ ആവശ്യം മുന്നോട്ട് വയ്ക്കാറുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.