പ്രതിഷേധത്തിന് അയവില്ല; താന്തോണിത്തുരുത്ത് നിവാസികളുടെ സമരം മൂന്നാം ദിവസത്തിലേക്ക്

Mail This Article
കൊച്ചി ∙ ‘ഞങ്ങളും ഈ നഗരത്തിന്റെ ഭാഗമല്ലേ. എന്നിട്ടും ഞങ്ങളുടെ പ്രശ്നങ്ങൾക്കു നേരെ അധികൃതർ എന്തിനാണ് കണ്ണടയ്ക്കുന്നത് ? മുട്ടുന്യായങ്ങൾ പറഞ്ഞു ഞങ്ങളെ ഇനിയും വഞ്ചിക്കരുത്’ തല ചായ്ക്കുന്ന വീടുകളിലേക്കു വെള്ളം കയറാതിരിക്കാൻ ഔട്ടർബണ്ട് വേണമെന്ന ആവശ്യവുമായി ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്ന താന്തോണിത്തുരുത്ത് നിവാസികളുടെ ഒന്നിച്ചുള്ള വാക്കുകളാണ്. പ്രശ്നത്തിൽ പരിഹാരമെന്ന ഉറപ്പ് അധികൃതരുടെ ഭാഗത്തുനിന്നു കിട്ടാത്തതിനാൽ സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. ‘സമരം അടുത്ത ഘട്ടത്തിലേക്കു പോകുമെന്നു മുദ്രാവാക്യത്തിൽ മാത്രമാണ് ഇതുവരെ ഉറക്കെ വിളിച്ചത്. ഇനിയതു ശരിക്കും സംഭവിക്കും’– പ്രതിഷേധത്തിന് അയവില്ലാതെ സമര രംഗത്തുള്ളവർ പറഞ്ഞു.
ഒഴുകിയെത്തുന്ന ദുരിതം
കൊച്ചി കോർപറേഷനിലെ 74–ാം ഡിവിഷന്റെ ഭാഗമാണു താന്തോണിത്തുരുത്ത്. 64 വീടുകളിലായി 300ൽ ഏറെപ്പേർ താമസിക്കുന്ന തുരുത്തിൽ വെള്ളക്കെട്ട് ദുരിതം അനുഭവിക്കാത്തവരില്ല. വേലിയേറ്റത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തുരുത്തിലെ വീടുകളിൽ വെള്ളം കയറി. ഉറങ്ങിക്കിടന്ന പലരും രാത്രി വേലിയേറ്റ വെള്ളത്തിന്റെ നനവു തട്ടിയാണ് ഉണർന്നത്. കഴിഞ്ഞ ദിവസവും വീടുകളിൽ വെള്ളം കയറിയതോടെയാണു താന്തോണിത്തുരുത്ത് സമര സമിതിയുടെ നേതൃത്വത്തിൽ ജിഡ ഓഫിസിനു മുന്നിലേക്കു പ്രതിഷേധ വേലിയേറ്റമെത്തിയത്. പ്രായമായവരെയും അസുഖബാധിതരെയും തുരുത്തിലെ വീടുകളിലാക്കി. അവരുടെ കാര്യങ്ങൾ നോക്കാൻ ഏതാനും പേരെ ഏർപ്പെടുത്തി. ബാക്കിയെല്ലാവരും സമരമുഖത്തുണ്ട്.
മുപ്പതോളം വിദ്യാർഥികൾ തുരുത്തിൽനിന്നു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ എത്തുന്നുണ്ട്. അതിൽ പലർക്കും പരീക്ഷ തുടങ്ങി. വെള്ളക്കെട്ടുമൂലം വീടുകളിൽ ഇരുന്നു പഠിക്കാൻ കഴിയാത്തതിനാൽ അവരും സമരം നടക്കുന്ന സ്ഥലത്തുണ്ട്. അതിൽ പലരുടെയും ക്ലാസുകൾ മുടങ്ങി. പലരുടെയും പരീക്ഷാ ഹാൾടിക്കറ്റ് ഉൾപ്പെടെ നനഞ്ഞുകുതിർന്നു. പരീക്ഷയ്ക്ക് എങ്ങനെ മക്കളെ ഒരുക്കുമെന്ന ആശങ്കയിലാണു രക്ഷിതാക്കളും. സമരരംഗത്തുള്ള മുതിർന്ന പൗരന്മാർക്കു പലവിധ ശാരീരിക പ്രശ്നങ്ങളുണ്ട്. പക്ഷേ, പ്രശ്നത്തിൽ പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് എല്ലാവരും.
തുരുത്തിൽ ഔട്ടർബണ്ട് നിർമിക്കാമെന്ന തീരുമാനം ഏറെ ചർച്ചയ്ക്കൊടുവിലായിരുന്നു. ബണ്ട് കരിങ്കല്ലിൽ വേണോ, കോൺക്രീറ്റിൽ വേണോ എന്ന ചർച്ച പോലും ഒരു വർഷം നീണ്ടു. തടസ്സങ്ങൾ നീങ്ങി, കോൺക്രീറ്റിൽ നിർമിക്കാം എന്നായി തീരുമാനം. ടെൻഡർ പൂർത്തിയാക്കി നിർമാണം തുടങ്ങുന്നതിനു മുൻപാണു തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയെച്ചൊല്ലി മുടങ്ങിയത്. കുറച്ചുനാൾ മുൻപു നടന്ന സമരത്തെ തുടർന്ന്, പ്രശ്നപരിഹാരം ഉണ്ടാകുമെന്നു കലക്ടർ ഉൾപ്പെടെ ഉറപ്പു നൽകിയെങ്കിലും ഒന്നും നടന്നില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
കുരുക്കായി ബണ്ട്
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കു റെയിൽപാളം നിർമിക്കാൻ മുൻപ് വടുതലയിലെ കായലിൽ ബണ്ട് നിർമിച്ചിരുന്നു. ഈ ബണ്ട് പിന്നീട് പെരിയാറിന്റെ ഒരു കൈവഴിയുടെ ഒഴുക്കുതന്നെ ഇല്ലാതാക്കി. കായലിലേക്ക് ഒഴുകിയിരുന്ന പുഴ ഏറെക്കുറെ നികന്നു. ബാക്കിഭാഗത്തു ചെളിയടിഞ്ഞു. ഇതും തുരുത്തിലെ വെള്ളക്കെട്ടിനു കാരണമാണ്. പുഴയിൽ ഒഴുക്ക് പഴയപോലെ ആകാത്തതിനാൽ കായലിൽ നിന്നും പുഴയിൽ നിന്നും കരയിലേക്കു വേഗം വെള്ളം കയറും. മഴവെള്ളം ഒഴുകിപ്പോകാനും തടസ്സമാണ്. ഈ പ്രശ്നവും പരിഹരിക്കണമെന്നതു തുരുത്തുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.