മരണം വേണ്ടി വന്നു, 2 വർഷം മുൻപ് പറഞ്ഞ വാഗ്ദാനം പാലിക്കാൻ

Mail This Article
കോതമംഗലം∙ കുട്ടമ്പുഴ പിണവൂർക്കുടിയിൽ 2 വർഷം മുൻപു സന്തോഷിനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ആദിവാസി ഗ്രാമത്തിനു ചുറ്റും കിടങ്ങ് നിർമിക്കാമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പാലിക്കാൻ എൽദോസിന്റെ മരണം വരെ കാക്കേണ്ടിവന്നു. വലിയ ക്ണാച്ചേരിയിൽ തിങ്കളാഴ്ച എൽദോസിനെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെയാണു കിടങ്ങു നിർമാണം തുടങ്ങാമെന്ന് അധികൃതർ ഉറപ്പു നൽകിയത്. ഇതനുസരിച്ചു പിണവൂർക്കുടി ആദിവാസി ഗ്രാമത്തിനു ചുറ്റും 8 കിലോമീറ്റർ കിടങ്ങ് നിർമാണം വെളിയത്തുപറമ്പിൽ തുടങ്ങി.
2022ൽ ആദിവാസി ഗ്രാമത്തിലെ സന്തോഷ് കാട്ടാന ആക്രമണത്തിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ അധികൃതർ നൽകിയ ഉറപ്പാണ് ആനകളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ കിടങ്ങ് നിർമാണം. ടെൻഡർ പൂർത്തീകരിച്ചു കരാർ നൽകിയിട്ടും മണ്ണ് നീക്കുന്നതിലെ ആശയക്കുഴപ്പം കിടങ്ങ് നിർമാണത്തിനു തടസ്സമായി. തിങ്കളാഴ്ച രാത്രി പ്രതിഷേധത്തിനിടെ നാട്ടുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കിടങ്ങ് നിർമാണം ഉടൻ തുടങ്ങാൻ കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർദേശം നൽകി. ക്ണാച്ചേരിയിൽ നിന്നു 3 കിലോമീറ്റർ മാറിയാണു പിണവൂർക്കുടി. ക്ണാച്ചേരി ഭാഗത്തു 2 കിലോമീറ്റർ കിടങ്ങിന് നടപടി സ്വീകരിക്കാനും വൈദ്യുത വേലി നിർമാണം വഴിവിളക്ക് സ്ഥാപിക്കൽ എന്നിവ ഉടൻ നടത്താനും നിർദേശമുണ്ട്.
ചെക്ക് നൽകിയത് 5 ലക്ഷം മാത്രം
കോതമംഗലം∙ കുട്ടമ്പുഴ വലിയ ക്ണാച്ചേരിയിൽ കാട്ടാന ചവിട്ടിക്കൊന്ന എൽദോസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം 10 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചെങ്കിലും വനംവകുപ്പ് കൈമാറിയത് 5 ലക്ഷം രൂപയുടെ ചെക്ക് മാത്രം.വനംവകുപ്പിന്റെ അക്കൗണ്ടിൽ പണം ഇല്ലാത്തതിനാലാണു 5 ലക്ഷം മാത്രം നൽകിയതെന്നാണു വിശദീകരണം. തിങ്കളാഴ്ച രാത്രി 5 ലക്ഷം രൂപ നൽകാമെന്നാണു വനംവകുപ്പ് അറിയിച്ചത്.
എന്നാൽ, പ്രതിഷേധം കനക്കുകയും കലക്ടർ ഇടപെടുകയും ചെയ്തതോടെ 5 ലക്ഷം രൂപയുടെ 2 ചെക്ക് ഡിഎഫ്ഒ ഒപ്പിട്ടു കൈമാറിയതായി കലക്ടർ അറിയിച്ചിരുന്നു. ഇതിൽ ഒരു ചെക്ക് മാത്രമാണു കുടുംബത്തിനു നൽകിയത്.സർക്കാർ വകുപ്പുകളിൽ അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് നൽകിയാൽ ഒപ്പിട്ട ഉദ്യോഗസ്ഥനെ ബാധിക്കുമെന്നതിനാലാണു രണ്ടാമത്തെ ചെക്ക് നൽകാതിരുന്നത്.അക്കൗണ്ടിൽ പണമെത്തിയാൽ ഉടൻ രണ്ടാമത്തെ ചെക്കും കൈമാറുമെന്നാണ് അധികൃതർ പറയുന്നത്.