ഇ മുദ്രപ്പത്രം വാങ്ങുന്നതിന് വൻതിരക്ക്

Mail This Article
അങ്കമാലി ∙ ഇ മുദ്രപ്പത്രം വാങ്ങുന്നതിന് അങ്കമാലിയിൽ വൻതിരക്ക്. ഒരു സ്ഥാപനത്തിൽ മാത്രമാണ് ഇ സ്റ്റാംപ് നൽകുന്നതിനു ലൈസൻസ് ലഭ്യമായിട്ടുള്ളത്. ടിബി ജംക്‌ഷനു സമീപത്തെ ഈ സ്ഥാപനത്തിൽ അതിരാവിലെ മുതൽ ഒട്ടേറെ പേർ വരിനിന്നു. ഏറെ നേരം വരിനിൽക്കുന്നതിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പത്രം വാങ്ങാതെ തിരികെ പോകേണ്ടി വന്നു. അപേക്ഷാഫോം പൂരിപ്പിച്ചു കൊടുത്തതിനു ശേഷം മൊബൈൽ ഫോണിലേക്ക് ഒടിപി ലഭിച്ചാൽ മാത്രമാണ് ഇ മുദ്രപ്പത്രം ലഭിക്കുകയുള്ളു. ഒടിപി ലഭിക്കുന്നതിനു മണിക്കൂറുകളോളം താമസം വരുന്നുണ്ട്.
കൂടുതൽ അപേക്ഷകർ ഉള്ളതിനാൽ വെബ്‌സൈറ്റിന്റെ പ്രവർത്തനത്തിനു വേഗതയുമില്ല. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ ലഭ്യമാണ്. എന്നാൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. കുട്ടികളുടെ സ്കോളർഷിപ്, വിദ്യാഭ്യാസ വായ്പകൾ, പെൻഷൻ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് മുദ്രപ്പത്രം ആവശ്യമുള്ളവർക്ക് യഥാസമയം മുദ്രപ്പത്രം ലഭിക്കാത്ത വലയുകയാണ്. അങ്കമാലി മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ സ്റ്റാംപ് ലഭിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.