ഉമ തോമസിന്റെ അപകടം: പരിശോധനയിൽ കണ്ടത് അടിമുടി സുരക്ഷാ വീഴ്ച; ലക്ഷ്യം വച്ചത് അമിത ലാഭം

Mail This Article
കൊച്ചി∙ ഉമ തോമസ് എംഎൽഎക്ക് അപകടമുണ്ടായ താൽക്കാലിക വേദിയിലെ ‘നടപ്പു വഴിയുടെ’ വീതി 50 സെന്റി മീറ്റർ! കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗാലറിയിൽ അനധികൃതമായി നിർമിച്ച വേദിയിലെ മുൻനിര കസേരകളിലേക്കു മന്ത്രിയും എഡിജിപിയും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ നടന്നെത്തിയതും ഇതിലൂടെ.ഗ്രൗണ്ടിൽനിന്ന് 15 അടി ഉയരത്തിൽ നിർമിച്ച വേദിയുടെ അരികു മുതൽ മുൻനിരയിലിട്ട കസേരകളുടെ മുന്നിലെ കാൽ വരെയുള്ള അകലമാണിത്.
പൊലീസിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡിയും ഫയർഫോഴ്സും ചേർന്നു നടത്തിയ പരിശോധനയിലാണു കണ്ടെത്തൽ. ഉമ തോമസ് എംഎൽഎ നിലതെറ്റി താഴേക്കു വീണ് അപകടമുണ്ടാകാനുള്ള പ്രധാന കാരണം ഈ ഇടുങ്ങിയ വഴിയും, ഉറപ്പുള്ള ബാരിക്കേഡുകളുടെ അഭാവവുമാണെന്നാണു പൊലീസ് കണ്ടെത്തി. സംഘാടകരും സ്റ്റേജ് നിർമിച്ചവരും അമിതലാഭം ലക്ഷ്യമിട്ടു സുരക്ഷാ മുൻകരുതലുകൾ പരമാവധി ഒഴിവാക്കിയാണു അപകടകരമായ വേദി നിർമിച്ചതെന്നും പരിശോധനയിൽ വ്യക്തമായി.
സ്റ്റേഡിയത്തിലെ ഗാലറിയിലെ ആദ്യ നിലയിൽ രണ്ടു തട്ടായി നിർമിച്ച വേദിയിൽ ഉദ്ഘാടന ചടങ്ങ് നടത്തിയ ആദ്യ തട്ടിന്റെ ആകെ നീളം 2.4 മീറ്ററാണ്. ഇവിടെയാണു കസേരകൾ നിരത്തിയ ശേഷം മുന്നിൽ 50 സെന്റിമീറ്റർ നടവഴി ഒഴിച്ചിട്ടത്. ഒരാൾക്കു കഷ്ടിച്ചു നടക്കാനുള്ള സ്ഥലം പോലും ഇവിടെയുണ്ടായിരുന്നില്ല. ഉദ്ഘാടനച്ചടങ്ങിനിടെ ഈ ഭാഗത്തു കൂടി മുന്നോട്ടു നടന്ന ഉമ തോമസ് എംഎൽഎ പൊടുന്നനെ വേച്ചു പോവുകയും താങ്ങിനായി പിടിച്ച ക്യൂ മാനേജർ ഉൾപ്പെടെ താഴേക്കു വീഴുകയും ആയിരുന്നു
വേദിയുടെ ആദ്യ തട്ടിന്റെ മുൻവശത്തെ ഇരുമ്പു കാലുകൾ ഉറപ്പിച്ചു നിർത്തിയിരുന്നതു നിലത്ത് ഉറപ്പിച്ചിട്ടില്ലാത്ത നാലു കോൺക്രീറ്റ് കട്ടകൾ തമ്മിൽ ചേർത്തു വച്ചാണെന്നും പരിശോധനയിൽ കണ്ടെത്തി. ഈ തട്ടിൽ അതിഥികൾക്ക് ഇരിക്കാനായി നിരത്തിയതു നാൽപതോളം കസേരകളാണ്.
ഇത്രയേറെ പേർ വേദിയിലെത്തിയിരുന്നെങ്കിൽ അവരുടെ ഭാരം താങ്ങാനാകാതെ കട്ടകൾ അകന്നോ പൊട്ടിയോ വേദി തകരാനുള്ള സാധ്യത പോലും ഉണ്ടായിരുന്നതായാണു പൊലീസിന്റെ നിഗമനം.അപകടം ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും ലാഭം മാത്രം ലക്ഷ്യമിട്ടു വീഴ്ചകൾ വരുത്തി എന്നു തെളിഞ്ഞതിനാലാണു ആദ്യ ഘട്ടത്തിൽ അശ്രദ്ധമായ പ്രവർത്തനത്തിനെതിരെയുള്ള വകുപ്പു മാത്രം ചേർത്തു കേസെടുത്ത പൊലീസ് കൂടുതൽ കടുത്ത വകുപ്പുകൾ ചേർക്കാൻ തീരുമാനിച്ചത്.
മക്കളെ തിരിച്ചറിഞ്ഞ് ഉമ; ആശാവഹമായ പുരോഗതി
കൊച്ചി∙ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അമ്മയുടെ കൈകൾ പിടിച്ചു മക്കൾ വിളിച്ചു: അമ്മേ.. ഉമ തോമസ് വിളി കേട്ടു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ആശുപത്രി മുറിയിൽ പ്രതീക്ഷയുടെ ആശ്വാസം തെളിഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിനു മുകളിൽ നിന്നു വീണു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി.
‘‘കണ്ണു തുറക്കാൻ പറഞ്ഞപ്പോൾ അമ്മ കണ്ണു തുറന്നു. കൈ പൊക്കാൻ പറഞ്ഞപ്പോൾ കൈ പൊക്കി. അപ്പോൾ മറ്റേ കയ്യും പൊക്കാൻ പറഞ്ഞു. രണ്ടു കയ്യും മാറിമാറി പൊക്കി. കാൽ അനക്കി. ഷേക്ക് ഹാൻഡ് ചെയ്തു. മുറുകെ പിടിക്കാൻ പറഞ്ഞപ്പോൾ അമ്മ അതിനു വേണ്ടി ശ്രമിച്ചു’’– ഐസിയുവിൽ ഉമയെ കണ്ടതിനെ കുറിച്ചു മകനും തൊടുപുഴ അൽ അസ്ഹർ ഡെന്റൽ കോളജിലെ അധ്യാപകനുമായ ഡോ. വിഷ്ണു പറഞ്ഞു.
വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനേറ്റ ക്ഷതങ്ങളിൽ നിന്നു മുക്തി നേടുന്നതിലുള്ള ആശാവഹമായ പുരോഗതിയാണ് ഈ പ്രതികരണങ്ങളെന്നു ഡോക്ടർമാർ വിലയിരുത്തുന്നു.വെന്റിലേറ്റർ ചികിത്സയിലുള്ള ഉമയ്ക്കു നൽകിയിരുന്ന മയക്കാനുള്ള മരുന്നിന്റെ ഡോസ് ഇന്നലെ രാവിലെ 6 മുതൽ കുറച്ചു. ഏഴു മണിയോടെ ഉമ മയക്കം വിട്ട് ഉണർന്നു. ഡോക്ടർമാർക്കൊപ്പം മക്കളും ഐസിയുവിലുണ്ടായിരുന്നു.
ഡോക്ടർമാരുടെ നിർദേശങ്ങളോടു പ്രതികരിച്ചു. കൈകാലുകൾ അനക്കി. കണ്ണു തുറന്നു. ചിരിക്കാൻ പറഞ്ഞപ്പോൾ ചിരിച്ചു. മക്കളുടെ നിർദേശങ്ങളോടും പ്രതികരിച്ചു. വായിൽ ട്യൂബിട്ടിട്ടുള്ളതിനാൽ സംസാരിക്കാൻ കഴിയുമായിരുന്നില്ല. അർധബോധാവസ്ഥയിലായിരുന്നു ഉമയുടെ പ്രതികരണങ്ങളെങ്കിലും തലച്ചോറിന്റെ കാര്യത്തിൽ അതു പ്രതീക്ഷയുണർത്തുന്നതാണ്– ഡോക്ടർമാർ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തി.
നടൻ മമ്മൂട്ടി ഉമയുടെ മക്കളുമായും ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു ചികിത്സാ പുരോഗതി അന്വേഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഉമയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച് ആശുപത്രിയിലെത്തുന്നുണ്ട്.