മാലിന്യക്കനാൽ: പുളിയനം, എളവൂർ പ്രദേശങ്ങളിൽ കനാൽ മലിനീകരണം രൂക്ഷം

Mail This Article
നെടുമ്പാശേരി ∙ മാലിന്യം നിറഞ്ഞ് ചാലക്കുടി ഇടതുകര കനാൽ. പാറക്കടവ് പഞ്ചായത്തിലെ പുളിയനം, എളവൂർ പ്രദേശങ്ങളിലാണ് കനാൽ മലിനീകരണം രൂക്ഷമായിരിക്കുന്നത്. മഴക്കാലമായതിനാൽ ഇവിടെ കനാലിലൂടെ കഴിഞ്ഞ മാസങ്ങളിൽ വെള്ളമെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കനാൽ വൃത്തിയാക്കി വെള്ളമൊഴുക്കാൻ തുടങ്ങിയതോടെയാണ് കനാലിനരികിലെ കാടുകളിൽ കെട്ടു കണക്കിന് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ മാലിന്യങ്ങൾ കണ്ടെത്തിയത്.
കിടപ്പു രോഗികളുടെയും കുട്ടികളുടെയും പാഡുകൾ മുതൽ വീട്ടിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ വരെ മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്. കനാലിന്റെ അരികിലും കനാലിനുള്ളിലും മാലിന്യം തള്ളിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ കനാലിലൂടെ വെള്ളമൊഴുകാൻ തുടങ്ങിയതോടെ ഈ മാലിന്യമെല്ലാം വെള്ളത്തിലലിഞ്ഞ് ചാലക്കുടി പുഴയിൽ ചെന്നു ചേരുകയാണ്.
ശുദ്ധജല വിതരണ പദ്ധതികളുടെ പമ്പ് ഹൗസുകളും മറ്റും ഈ പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. പുഴയോരത്തെ മറ്റ് ജലസ്രോതസ്സുകളും ഈ മാലിന്യം മൂലം മലിനമാകും. മാരകമായ രോഗങ്ങൾ പടർന്നു പിടിക്കുമോ എന്ന ആശങ്കയാണ് ജനങ്ങൾക്ക്. അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കനാൽ പരിസരം കാടു പിടിച്ച് കിടന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്ത് ഏറിയിരിക്കുകയാണ്.