വേലിയേറ്റ വെള്ളപ്പൊക്കം: വലഞ്ഞ് വൈപ്പിൻ നിവാസികൾ

Mail This Article
വൈപ്പിൻ ∙ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വൈപ്പിനിൽ വേലിയേറ്റ വെള്ളപ്പൊക്കം രൂക്ഷമായി. ജലാശയങ്ങളോട് ചേർന്നുകിടക്കുന്ന പോക്കറ്റ് റോഡുകളിൽ അടിക്കണക്കിനു കനത്തിലാണ് വെള്ളം നിറയുന്നത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ലെന്നതിനു പുറമേ കാൽനടക്കാരും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. വിശാലമായ ചെമ്മീൻ കെട്ടുകളിൽ നിന്നാണ് റോഡുകളിലേക്ക് വെള്ളം കയറുന്നത്. കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തി നിർത്തണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നു. അതേസമയം പുറത്തെ തോടുകളിലും പുഴയിലും വെള്ളം നിറഞ്ഞു നിൽക്കുമ്പോൾ ഇത്തരത്തിൽ ജലനിരപ്പ് താഴ്ത്തിയാൽ കെട്ടുകളുടെ ചിറ തകരുമെന്ന് നടത്തിപ്പുകാർ പറയുന്നു.
സംസ്ഥാനപാതയിൽ നിന്ന് ബീച്ചുകളിലേക്കുള്ള പല റോഡുകളിലും വേലിയേറ്റ സമയത്ത് വെള്ളക്കെട്ട് പതിവായിരിക്കുകയാണ്. കുഴുപ്പിള്ളി ബീച്ച് റോഡിന്റെ പല ഭാഗങ്ങളും വേലിയേറ്റ സമയത്ത് വെള്ളത്തിനടിയിലാകുന്നു. പാർശ്വഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും അതും മറികടന്ന് ചെമ്മീൻ കെട്ടുകളിൽ നിന്നുള്ള വെള്ളം റോഡിൽ നിറയുന്ന സ്ഥിതിയാണ്. ഐസ് പ്ലാന്റ് മുതൽ 500 മീറ്ററോളം സ്ഥലത്ത് വെള്ളത്തിൽ നീന്തിവേണം കാൽനടക്കാർക്ക് കടന്നുപോകാൻ. ഇത് വിദ്യാർഥികൾക്കും മറ്റും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.